ഫാത്തിമ
ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് മുപ്പത്തിയൊമ്പതാം നാൾ പത്തൊൻപതുകാരി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു.
തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്‍റേഴത്ത് വീട്ടിൽ അബ്ദുൽ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) ആണ് മരിച്ചത്. കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്ന കുടുംബത്തിന്‍റെ പരാതിയിൽ, ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ മാതാവ്, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കടുത്ത മാനസിക വിഷമത്തെത്തുടർന്നു ഫാത്തിമ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ചുരിദാറിന്‍റെ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മരണസമയത്തു യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് ആയിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.
വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫാത്തിമയ്ക്കു തലമുടി കുറവായതിന്‍റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ വച്ചു പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നു.
സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിന് ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്.
മരണദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്കു നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാൾ പോയതിനു ശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്നു ബന്ധുക്കൾ വിളിച്ച് നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പാനൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Newlywed Bride Death Case husband