ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഓഫീസില്‍ ശ്രമം നടന്നെന്ന മൊഴിയില്‍ എസ്ഐമാര്‍ക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് നോട്ടീസ് നല്‍കിയത്.
അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ "രക്ഷാപ്രവര്‍ത്തന'ത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്.
എന്നാല്‍ കേസിന്റെ രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാര്‍ ഇടപെട്ടത് തന്റെ നിർദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നല്‍കിയത്.
അതേസമയം കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
Tags : alappuzha gunman case mr ajith kumar