കൊട്ടിയൂർ: കൊട്ടിയൂരിൽ ഇന്നലെ വൻ ഭക്തജന തിരക്ക്. ഈ വർഷം വൈശാഖ മഹോത്സവം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളായിരുന്നു കൂടുതലായും കൊട്ടിയൂർ പെരുമാളെ തൊഴാൻ എത്തിയത്.
ഉച്ചശീവേലി വരെ കത്തുന്ന വെയിലിനെ അവഗണിച്ചും ഉച്ചശീവേലിക്ക് ശേഷം മഴയെ വകവയ്ക്കാതെയുമായിരുന്നു കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ എത്തിയത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ദേവസ്വം അക്കരെ സന്നിധാനത്ത് സൗകര്യമൊരുക്കിയത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു.
ഇന്നലെ കൊട്ടിയൂലെത്തിയതിൽ 80 ശതമാനത്തിൽ അധികവും കർണാടകയിലെ ഭക്തജനങ്ങളായിരുന്നു. വൈകുന്നേരത്തോടെയാണ് തിരക്കിന് കുറവുണ്ടായത്. രാവിലെ നിർമാല്യം നീക്കി 36 കുടം അഭിഷേകം, ഉഷപൂജ, സ്വർണകുടം, വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി എന്നിവ നടന്നു.