തൊണ്ടിയിൽ: ഇന്ത്യൻ അണ്ടർ-17 വോളിബോൾ ക്യാമ്പിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയോരത്തിന്റെ അഭിമാനമായി പേരാവൂർ കൊട്ടംചുരത്തെ ജെസ്വിൻ മാത്യു.ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ്. മരുതുംമൂട്ടിൽ ജയൻ- ജിഷ ദന്പതികളുടെ രണ്ട് മക്കളിൽ മൂത്തവനായ ജെസ്വിൻ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക സിസ്റ്റർ ജീനയാണ് ജെസ്വിനിലെ വോളിബോൾ പ്രതിഭ തിരിച്ചറിഞ്ഞത്. തുടർന്ന് തൊണ്ടിയിലെ ജിമ്മി ജോർജ് വോളിബോൾ അക്കാഡമിയിൽ ചേർന്നു. അക്കാഡമിയിലെ മുഖ്യപരിശീലകനായ കെ.ജെ. സെബാസ്റ്റ്യന്റെ കീഴിലാണ് ജെസ്വിൻ കഴിവുകൾ മിനുക്കിയെടുത്തത്. ബിനു ജോർജ്, ബെന്നി എന്നിവർ സഹപരിശീലകരായും പിന്തുണ നൽകി.
കഠിനാധ്വാനവും പരിശീലകരുടെ മാർഗനിർദേശവും ജെസ്വിനെ സംസ്ഥാന, ദേശീയ തലങ്ങളിലെ മികച്ച താരമായി വളർത്തി. 2024ൽ അണ്ടർ-14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. 2025 ലും 2026-ലും വിവിധ ദേശീയ മത്സരങ്ങളിൽ കേരളത്തിനായി കളത്തിലിറങ്ങി.
സാധാരണ കുടുംബത്തിലെ അംഗമായ ജെസ്വിന് പരിശീലനത്തിനും മത്സരങ്ങൾക്കും ആവശ്യമായ സഹായങ്ങൾ അധ്യാപകരും പരിശീലകരും നാട്ടുകാരും കായികപ്രേമികളും ചേർന്നാണ് പലപ്പോഴും ഒരുക്കിയത്. പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ ജാക്സന്റെയും മുഖ്യാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും പ്രോത്സാഹനവും കായിക പ്രതിഭയുടെ വളർച്ചയ്ക്ക് പിന്നിലുണ്ട്. ഇന്ത്യൻ ജേഴ്സിയണിഞ്ഞ് രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് ജെസ്വിന്റെ ഏറ്റവും വലിയമോഹം. ഇളയ സഹോദരൻ ജോവിൻ ജോർജ് അണ്ടർ-14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
Tags : nattu vishesham Jesswin Mathew