നെല്ലിക്കുറ്റി: ഏരുവേശി,പയ്യാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കുറ്റി-എറ്റുപാറ റോഡ് തകർന്നതോടെ യാത്ര ദുഷ്കരമായി. മലയോരത്ത് ജില്ലാ പഞ്ചായത്തിന് കീഴിൽ പയ്യാവൂർ പഞ്ചായത്ത് പരിധിയിലുള്ള ഭാഗമാണ് തകർന്നിരിക്കുന്നത്. ഒരാഴ്ച പെയ്ത മഴയിൽ ടാറിംഗ് ഇളകി കുണ്ടും കുഴിയുമായതോടെ കാൽനട യാത്ര പോലും ദുസഹമാണ്.
രണ്ട് ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ജില്ലാ പഞ്ചായത്തിന്റെ റോഡ് കഴിഞ്ഞ വർഷം കുടിവെള്ള പദ്ധതിക്കുവേണ്ടി കുഴിയെടുത്തതോടെയാണ് മെറ്റൽ ഇളകി തകർന്നത്. ആലക്കോട്, ചെമ്പേരി ഭാഗങ്ങളിൽ നിന്നും നെല്ലിക്കുറ്റി -എറ്റുപാറ വഴി ചന്ദനക്കാംപാറ, പൈസക്കരി, പയ്യാവൂർ, ഇരിട്ടി ഭാഗത്തേക്ക് എളുപ്പമെത്താൻ കഴിയുന്ന റോഡാണിത്.
നാട്ടുകാരാകട്ടെ പരാതി പറഞ്ഞ് മടുത്തു. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമ്പോൾ വെള്ളം കെട്ടി നിന്ന് യാത്ര പൂർണമായും തടസപ്പെടുന്ന അവസ്ഥയാണ്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് റോഡ് തടയുന്നതുൾപ്പെടെ പ്രക്ഷോഭത്തിനിറങ്ങുകയാണ് പ്രദേശവാസികൾ. ജില്ലാപഞ്ചായത്ത് അംഗം എങ്കിലും റോഡിന്റെ സ്ഥിതി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 19 വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡാണിത്. വോട്ട് ചോദിക്കാൻ വന്നപ്പോൾ ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. ഇതോടെ 20 വീട്ടുകാർ ജില്ലാ പഞ്ചായത്തിൽ നിരാഹാരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.
Tags : nattu vishesham Nellikutty-Etupara road collapsed