മുന്‍ മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതികുടീരം നിലകൊള്ളുന്ന സ്ഥലം കാടുകയറിയ നിലയില്‍.
ഇരിങ്ങാലക്കുട: നഗരസഭയായി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുമ്പോഴും സ്വന്തമായി ഒരു പൊതുശ്മശാനം എന്ന അടിസ്ഥാനസൗകര്യം പോലുമില്ലാത്ത നഗരസഭ എന്ന പരിമിതി ഇരിങ്ങാലക്കുടയെ വര്‍ഷങ്ങളായി പിന്തുടരുകയാണ്. നഗരസഭാ പരിധിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി വിവിധ സ്വകാര്യ, സമുദായ ശ്മശാനങ്ങളെയും മറ്റ് സംവിധാനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പൊതുശ്മശാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളാണ് നഗരസഭ അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. നഗരസഭയുടെ വാര്‍ഡ് എട്ട് നമ്പ്യാങ്കാവ് വാര്‍ഡില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്.
നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.വി.സി വര്‍ഗീസ്, റോണി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ തുടങ്ങിവവര് മൂന്നു മാസം മുമ്പ് സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ കാടും പടലവും നിറഞ്ഞു കാടുകയറി കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന പ്രദേശമാണിത്. മുന്‍ മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി കുടീരം നിലകൊള്ളുന്ന സ്ഥലത്തോടു ചേര്‍ന്നാണ് ഈ ഭൂമി.
ജീവിതത്തിന്റെ അവസാനയാത്രയ്ക്കും സ്വന്തം മണ്ണില്‍ ഒരിടം വേണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. പൊതുശ്മശാനം ആരംഭിക്കുന്നതിനോട് സമീപവാസികള്‍ പൂര്‍ണ പിന്തുണയാണ് പ്രകടിപ്പിച്ചത്.
Tags : NattuVishesham DistrictNews