കൽപ്പറ്റ: വയനാട്ടിലെ അവിവാഹിത ആദിവാസി അമ്മമാരുടെ കുട്ടികളുടെ പിതൃത്വം ഡിഎൻഎ പരിശോധനയിലൂടെ തെളിയിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് ഡോ. അമ്മിണി കെ. വയനാട്, മറ്റു ഭാരവാഹികളായ എം. കമല, കെ. ദേവകി, പി.എം. സന്ധ്യ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ പട്ടികവർഗത്തിൽപ്പെട്ട നിരവധി യുവതികളാണ് കപടപ്രണയത്തിലകപ്പെട്ട് ഭർത്താവില്ലാതെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്ന സ്ത്രീകൾക്ക് പിറക്കുന്ന കുട്ടികൾ നിയമാനുസൃതമുള്ള പിതാവ് ഇല്ലാതെയാണ് വളരുന്നതും ജീവിക്കുന്നതും. കോളിയാടിയിൽ ഒരു ആവാസി സ്ത്രീ 15 വർഷം മുന്പ് കപടപ്രണയത്തിൽ കുടുങ്ങി. ഈ സ്ത്രീക്ക് 11 വർഷം മുന്പ് പിറന്ന ആണ്കുട്ടിയുടെ പിതൃത്വം ബന്ധപ്പെട്ട വ്യക്തി അംഗീകരിച്ചില്ല.
യഥാർഥ പിതാവ് ചിലരുമായി ഗൂഢാലോചന നടത്തിയതിന്റെ ഫലമായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റേതായി മറ്റൊരു പേരാണ് ചേർത്തത്. ജനന സർട്ടിഫിക്കറ്റിലുള്ള പിതാവിന്റെ പേര് ആധാർ കാർഡിലും രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഫയൽ ചെയ്ത കേസിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിന്റെ പേര് ചേർക്കാൻ കഴിഞ്ഞ മാർച്ച് 23ന് ഹൈക്കോടതി ഉത്തരവായി. കുട്ടിയുടെ പിതൃത്വം 2018ൽ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതിന്റെ രേഖ സഹിതമാണ് കേസ് ഫയൽ ചെയ്തത്.
ജില്ലയിൽ അനേകം അവിവാഹിത ആദിവാസി അമ്മമാരുണ്ട്. ഇവർക്ക് സർക്കാർ 1,000 രൂപ വീതം പ്രതിമാസ പെൻഷൻ അനുവദിക്കുന്നുണ്ട്. എന്നാൽ അവിവാഹിതരായ യുവതികളെ അമ്മമാരാക്കിയവർക്കെതിരേ നടപടി ഉണ്ടാകുന്നില്ല. നിയമസഹായം തേടാനുള്ള സാന്പത്തികശേഷിയോ അറിവോ ആദിവാസികൾക്ക് ഇല്ലാത്തത് ചൂഷകർക്ക് സൗകര്യമാക്കി.
അവിവാഹിതരായ ആദിവാസി അമ്മമാരുടെ കുട്ടികളുടെ ജനന സർട്ടിക്കറ്റിൽ യഥാർഥ പിതാവിന്റെ പേര് ചേർക്കാൻ സഹായകമാകുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഇതിന് ശാസ്ത്രീയ പരിശോധനകൾ സാധ്യമാക്കണം. കുഞ്ഞിന്റെ പിതാവ് ആരെന്ന് അറിയാത്തവല്ല അവിവാഹിത ആദിവാസി അമ്മമാർ.
മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പ്രത്യേക എസ്സി-എസ്ടി കോടതിയിൽ സർക്കാർ അഭിഭാഷകരായി നിയമനം ലഭിക്കുന്നത് ആദിവാസികളോട് പ്രതിബദ്ധതയുള്ളവരാണെന്ന് ഉറപ്പുവരുത്തണം. ഡിഎൻഎ പരിശോധനയിലൂടെ പിതൃത്വം തെളിയിച്ച കേസ് പോലും കോടതിയിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. എസ്സി-എസ്ടി പ്രത്യേക കോടതിയിൽ കഴിഞ്ഞ 10 വർഷം നടന്ന മുഴുവൻ കേസുകളും റിട്ട. ജഡ്ജിയെ കമ്മീഷനാക്കി വീണ്ടും അന്വേഷിക്കണം. മുഴുവൻ അവിവാഹിത ആദിവാസി അമ്മമാർക്കും സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രസ്ഥാനം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad