മഴയെ തുടർന്ന് നശിച്ച പുഞ്ചകൃഷിയുടെ വൈക്കോൽ.
മാനന്തവാടി: താന്നിക്കൽ വേമം പാടശേഖരത്തിൽ മഴയെത്തുടർന്ന് പുഞ്ചകൃഷിയുടെ വയ്ക്കോൽ നശിച്ചു. മൂന്ന് ദിവസം മുൻപാണ് മേഖലയിൽ കൊയ്ത്ത് കഴിഞ്ഞത്. കൊയ്തെടുത്ത വയ്ക്കോൽ യന്ത്രമുപയോഗിച്ച് റോളുകളാക്കി മാറ്റുന്നതിന് തൊട്ടുമുന്പ് കനത്ത മഴയെത്തുകയുമായിരുന്നു. വയ്ക്കോൽ പൂർണമായും നനഞ്ഞു കുതിർന്നതോടെ ഇത് കർഷകർക്ക് വൻ സാന്പത്തിക നഷ്ടത്തിന് കാരണമായി.
ജില്ലയിലെ വിശാലമായ പല്ലങ്ങളിലൊന്നാണ് 200 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വേമം പാടശേഖരം. സ്ഥിരമായി നഞ്ചയും പുഞ്ചയും കൃഷിയിറക്കുന്ന ഒട്ടേറെ കർഷകരാണിവിടെയുള്ളത്.
ഒരു റോൾ വയ്ക്കോലിന് വിപണിയിൽ 200 രൂപയോളം വിലയുണ്ട്. നെൽകൃഷിയിൽ നിന്നുള്ള നെല്ലിന്റെ വിലയ്ക്ക് പുറമെ വയ്ക്കോൽ വിറ്റ് കിട്ടുന്ന തുകയാണ് സാധാരണയായി കർഷകന് ലാഭമായി ലഭിക്കാറുള്ളത്.
ഈ വരുമാനമാർഗമാണ് ഇപ്പോൾ മഴക്കെടുതിയിൽ ഇല്ലാതായത്. താന്നിക്കൽ വേമം പാടശേഖരത്തിൽ 200 ലേറെ കർഷകരാണ് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ നൂറിലധികം കർഷകരുടെ വയ്ക്കോലാണ് നശിച്ചത്. അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Wayanad