വിഴിഞ്ഞം : സമുദ്ര പ്രവചനം കൃത്യമായി നിർണയിക്കാനും മുന്നറിയിപ്പുകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വിഴിഞ്ഞം കടലിൽ വേവ് റൈഡർ ബോയ സ്ഥാപിച്ചു. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിലെ നിലവിലുള്ള ബ്രേക്ക്വാട്ടറിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് ബോയ സ്ഥാപിച്ചത്.
തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവവും ദിശാപരമായ മാറ്റങ്ങളും സമുദ്രമേൽപ്പുറത്തിലെ പ്രവാഹവേഗതയും നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണയിക്കാനും മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തുന്നതിനുമായി നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഈ ഉപകരണം ഇൻകോയിസാണ് സ്ഥാപിച്ചത്.
ഇതിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്ക് സഹായകരമാകും. അതുവഴി സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാൻ കഴിയുകയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുണകരമാകുമെന്ന് അധികൃതർ പറയുന്നു.
ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിക്കുന്നു. ഉപകരണത്തിനു കേടുപാടുകൾ വരുത്തുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നതു നിയമപരമായി ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു.