തൃശൂർ: പുതിയ ഗാർഹിക പാചകവാതക കണക്ഷനുകൾ നൽകുന്നത് ഏജൻസികൾ നിർത്തിവച്ചത് ഉപഭോക്താക്കളെ വലയ്ക്കുന്നു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യമാണ് പാചകവാതക കണക്ഷൻ നൽകുന്നതിനെ ബാധിച്ചതെന്ന് ഏജൻസികൾ പറയുന്നു.
യുദ്ധത്തെത്തുടർന്ന് എൽപിജി വിതരണപ്രതിസന്ധിയുണ്ടായപ്പോൾ നിലവിലെ ഉപഭോക്താക്കൾക്കു സിലിണ്ടർ ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും പുതിയ ഗാർഹിക ഗ്യാസ് കണക്ഷനുകൾ താത്കാലികമായി നിർത്തിവയ്ക്കാനും പാചകവാതകവിതരണ കന്പനിയിൽനിന്നു നിർദേശം ലഭിച്ചിരുന്നു. തുടർന്ന് മാർച്ച് മുതൽ പുതിയ കണക്ഷനുകൾ അനുവദിച്ചിട്ടില്ല. നിലവിൽ കണക്ഷൻ നൽകുന്നതു പുനരാരംഭിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നും ഏജൻസികൾ വ്യക്തമാക്കി.
തൃശൂർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പുതിയ കണക്ഷനായി അപേക്ഷ നൽകി നിരവധി കുടുംബങ്ങളാണു കാത്തിരിക്കുന്നത്. പുതിയ വീടുകളിലേക്കു താമസം മാറുന്നവരും വിവാഹശേഷം പുതിയ വീട്ടിൽ താമസം ആരംഭിക്കേണ്ടവരുമാണ് കണക്ഷൻ ലഭിക്കാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. അപേക്ഷയും രേഖകളും സഹിതമെത്തുന്പോൾ ഇപ്പോൾ കണക്ഷൻ നൽകാനാവില്ലെന്ന മറുപടിയാണു ലഭിക്കുന്നത്.
ഗ്യാസ് കണക്ഷൻ ലഭിക്കാത്തതിനാൽ പല കുടുംബങ്ങളും താത്കാലികമായി ഇൻഡക്ഷൻ കുക്കറുകളെയും ഇലക്ട്രിക് സ്റ്റൗകളെയുമാണ് ആശ്രയിക്കുന്നത്. പുതിയ വീടുകളിലും ഫ്ലാറ്റുകളിലും വിറകടുപ്പ് ഇല്ലാത്തതും വിറകു ലഭിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ആവശ്യക്കാരെ അലട്ടുന്നുണ്ട്. പുതിയ കണക്ഷനുകളുടെ വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന അധികൃതർ ഇക്കാര്യത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.