ഹരിപ്പാട്: കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ രോഗിയെ കൈയി ലേന്തി യുവാക്കൾ താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിൽ കഴിഞ്ഞദിവസമാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം നടന്നത്. കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് ബ്രദേഴ്സ് ക്ലബിലെ യുവാക്കൾ സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. രാമൻകുട്ടിക്ക് പെട്ടെന്ന് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനെ ത്തുടർന്ന് ആശങ്കയിലായ ഭാര്യ ഉടൻ തന്നെ വാർഡ് മെമ്പർ വർഗീസിനെ വിവരമറിയിച്ചു. മെമ്പർ ഉടനടി 108 ആംബുലൻസ് ലഭ്യമാക്കിയെങ്കിലും രോഗിയുടെ വീടിരിക്കുന്ന ആറ്റുതിട്ടയിലേക്ക് വണ്ടിയെത്തുക അസാധ്യമായിരുന്നു.
ഇടുങ്ങിയ ഒരു നടപ്പാത മാത്രമാണ് ഈ ഭാഗത്തേക്കുള്ള ഏക ഗതാഗതമാർഗം. വഴിയിലെ ഇലക്ട്രിക് പോസ്റ്റും വലിയ തടസമായിനിന്നു. ആകെ ശേഷിച്ച ജലമാർഗത്തിലൂടെ ചെറുവള്ളത്തിൽ രോഗിയെ കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും രാമൻകുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ വള്ളത്തിൽ കയറ്റുന്നത് സുരക്ഷിതമല്ലായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ വാർഡ് മെംബർ വിഷമിച്ച ഘട്ടത്തിലാണ് പ്രാദേശിക കൂട്ടായ്മയായ ബ്രദേഴ്സ് ക്ലബിലെ യുവാക്കളെ ഓർക്കുന്നത്. മെംബറുടെ ഒറ്റ ഫോൺകോളിൽ ക്ലബ് അംഗങ്ങളായ ഷിബിൻ, ലിബിൻ, ചാർലി, ഷിബു, സന്തോഷ്, പ്രിൻസ്, മിജുൻ, എബി, കുട്ടാച്ചൻ, സൻജോ, ജീസു, റെനി എന്നിവർ നിമിഷങ്ങൾക്കകം സ്ഥലത്ത് ഒത്തുകൂടി.
പിന്നീട് ഒട്ടും സമയം കളയാതെ യുവാക്കൾ പരസ്പരം കൈകോർത്ത് രോഗിയെ കസേരയിലിരുത്തി തോളിലേറ്റുകയായിരുന്നു. ഇടുങ്ങിയതും തടസങ്ങൾ നിറഞ്ഞതുമായ വഴിയിലൂടെ അതീവ ജാഗ്രതയോടെ 500 മീറ്ററോളം ദൂരം അവർ രോഗിയുമായി ദ്രുതഗതിയിൽ നടന്ന് ആംബുലൻസിൽ എത്തിച്ചു. അവിടെനിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച രാമൻകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലായിരുന്ന രാമൻകുട്ടി നിലവിൽ അപകടാവസ്ഥ തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി വാർഡ് മെംബർ വർഗീസ് അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ഒരു വിലപ്പെട്ട ജീവൻ കാത്തുസൂക്ഷിക്കാൻ മാതൃകാപരമായ കൂട്ടായ്മയിലൂടെ മുന്നിട്ടിറങ്ങിയ ബ്രദേഴ്സ് ക്ലബ് അംഗങ്ങളെയും രക്ഷാപ്രവർത്തനത്തിന് ഉചിതമായ നേതൃത്വം നൽകിയ വാർഡ് മെംബറെയും നാടൊന്നാകെ അഭിനന്ദിക്കുകയാണ്.