വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചക്കിട്ടപാറ ടൗണിലെ കുഴി മണ്ണിട്ടു മൂടുന്നു.
ചക്കിട്ടപാറ: മലയോര ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ ചക്കിട്ടപാറയില്‍ എടുത്ത കുഴി കേരളാ റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മൂടി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ കോഴിക്കോട് ബ്യൂറോ സൂപ്രണ്ടിനു റോഡ് ആക്ഷന്‍ കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റ് കാരിത്തടത്തില്‍ ബെന്നി സെബാസ്റ്റ്യന്റെ ബെല്‍വ ടെക്സ്റ്റയില്‍ ഷോപ്പിനു മുന്നിലാണ് പത്ത് മാസം മുമ്പ് കരാര്‍ കമ്പനി കുഴി എടുത്തത്. കടയിലേക്ക് ആളുകള്‍ക്ക് പോകാനും വരാനും കുഴി ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മലയോര ഹൈവേ പ്രവര്‍ത്തിക്കായി ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി- ചക്കിട്ടപാറ- ചെമ്പ്ര റീച്ചിന്റെ സര്‍വെ ശരിയായ രീതിയിലല്ല നടത്തിയതെന്നും വീതി നിര്‍ണയത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നും റോഡ് വികസനത്തിനായി സര്‍ക്കാര്‍ മുമ്പ് അക്വയര്‍ ചെയ്ത സ്ഥലങ്ങളില്‍ കയ്യേറ്റങ്ങള്‍ നടന്നതായി സംശയമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ റോഡ് ജില്ലാ സര്‍വെയര്‍ വീണ്ടും അളന്ന് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്വിജിലന്സ് ഉദ്യോഗസ്ഥര്‍ ഇന്നലെ ചക്കിട്ടപാറയിലെത്തി പരാതിക്കാധാരമായ കാര്യങ്ങള്‍ പരിശോധിച്ചു. ബന്ധപ്പെട്ട വകുപ്പധികൃതരും കരാറുകാരും പരാതിക്കാരും സ്ഥലത്തുണ്ടായിരുന്നു. വിജിലന്‍സ് നിര്‍ദേശപ്രകാരം കുഴി മൂടി. പെരുവണ്ണാമൂഴി മുതല്‍ ചെമ്പ്ര വരെയുള്ള റോഡ് ഭാഗം കൃത്യമായി അളന്ന് തിട്ടപ്പെടുത്തണമെന്നും വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ മഴയില്‍ ചെളിക്കെട്ട് രൂപപ്പെട്ട ചക്കിട്ടപാറ ടൗണിന്റെ മധ്യഭാഗം താല്‍ക്കാലികമായിട്ടാണെങ്കിലും അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
പൊതു പ്രവര്‍ത്തകരും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുമായ ബാബു പുതുപ്പറമ്പില്‍, അഡ്വ. ബെന്നി കാരിമറ്റം, മാത്യു സ്റ്റീഫന്‍, അപ്പച്ചന് തോണക്കര, സജിത്ത് പി.നായര്‍, സജി കാരിമറ്റം, ബെന്നി കാരിത്തടത്തില്‍ എന്നിവരാണ് പ്രശ്ന പരിഹാരത്തിനായി ഇടപെടല്‍ നടത്തിയത്.
Tags : Local News Nattuvishesham Kozhikode