തിരുവനന്തപുരം: പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 4-3നു പരാജയപെടുത്തി തൃശൂർ മാജിക് എഫ്സിക്കു സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ജയം. കൊമ്പൻസിന് ഈ സീസണിൽ സ്വന്തം ഗ്രൗണ്ടിലെ ആദ്യ പരാജയമാണ്.
മുഴുവൻ സമയവും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ കൊമ്പൻസിന്റെ ജംഷീദ് അലിയുടെയും മുഹമ്മദ് നിസാമിന്റെയും കിക്കുകൾ തൃശൂരിന്റെ പകരക്കാരൻ ഗോളി പാർഥിവ് തടഞ്ഞു.
ആദ്യപകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിയില്ല. 38-ാം മിനിറ്റിൽ കൊമ്പൻസിനു ലഭിച്ച ഫ്രീ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്കു പോയി. പാട്രിക് മോട്ട എടുത്ത കിക്ക് ഗോൾ എന്നുറപ്പിച്ച അസരമാണു നഷ്ടമായത്.