ആലപ്പുഴ: തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന മലങ്കരസഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള സിബിഎസ്ഇ ഇന്റർ സ്കൂൾ കായികമേളയിൽ ആതിഥേയർ ഓവറോൾ ചാമ്പ്യന്മാരായി. അഡീഷണൽ പൊലിസ് സൂപ്രണ്ട് ജെ. ഉമേഷ് കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. മലങ്കര തിരുവല്ല അതിരൂപതയുടെ കീഴിലുള്ള 10 സ്കൂളുകളിൽനിന്നും 59 ഇനങ്ങളിലായി 400ൽപരം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ 159 പോയിന്റോടെ മാതാ സ്കൂൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി.
81 പോയിന്റോടെ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനത്തും 67 പോയിന്റോടെ റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി. തിരുവല്ല അതിരൂപത ചാൻസലർ ഫാ. ജോസ് മണ്ണൂർ കിഴക്കേതിൽ മുഖ്യസന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, പ്രിൻസിപ്പൽ വിൻസി വർഗീസ്, വൈസ് പ്രിൻസിപ്പൽ ത്രേസ്യ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.