ടിക്കറ്റ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്ന് ജീവൻ പണയംവെച്ച് കൂട്ടത്തോടെ ചാടിയിറങ്ങി യാത്രക്കാർ. ഉത്തർപ്രദേശിലെ റസൗലി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുവെച്ചാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പ് ടിക്കറ്റ് ടിടിഇയെയും പൊലിസിനെയും ഭയന്നാണ് ഒരു സംഘം ആളുകൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കുകളിലേക്ക് എടുത്തുചാടിയത്. തുടർന്ന് റെയിൽവേ പരിസരത്തുനിന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമമായ റെഡിറ്റിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറി. വെറും 20 രൂപയുടെ ടിക്കറ്റെടുക്കാൻ മടിച്ച് സ്വന്തം ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ രോഷമാണ് ഉയർന്നുവരുന്നത്.
അപകടകരമായ ഇത്തരം പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ഇന്ത്യൻ റെയിൽവേ നേരിടുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് പ്രധാന കാരണം ഇത്തരം നിയമലംഘനങ്ങളാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ പിടികൂടാൻ പരിശോധകർ തന്ത്രപരമായ വഴികൾ സ്വീകരിക്കാറുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പലരും ഓർമ്മിപ്പിക്കുന്നു.
മുമ്പ് സമാനമായ രീതിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിക്കുന്നതിനിടെ ബാഗ് വാതിലിൽ കുരുങ്ങി ദുരന്തത്തിൽ കലാശിച്ച അനുഭവങ്ങളും ആളുകൾ പങ്കുവെച്ചു.
ഇത്തരം ഉത്തരവാദിത്തമില്ലാത്തതും അപകടകരവുമായ പെരുമാറ്റങ്ങൾക്കെതിരെ റെയിൽവേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.