കല്ലടിക്കോട്: മാച്ചാംതോട് ചെന്തണ്ടിൽ പുലി പശുക്കിടാവിനെ കടിച്ചുകൊന്നു. പാറമടയിൽ ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ രണ്ടുവയസ് പ്രായമുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാവിലെ പുലി കൊന്നുതിന്നത്.
ക്ഷീരകർഷകനായ റെജിയുടെ വീടിനു സമീപത്തെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന അഞ്ചുപശുക്കളിൽ ഒന്നിനെയാണു കൊന്നത്.
കാൽപ്പാടുകൾ കണ്ടെത്തിയതായും പുലിയാണ് പശുക്കുട്ടിയെ കടിച്ചുകൊന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് കൂടു സ്ഥാപിക്കാമെന്നും ഉറപ്പുനൽകി.
കഴിഞ്ഞ രണ്ടു മാസത്തിനുമുന്പ് ഈ പ്രദേശത്തുനിന്നും പുലിയെ കൂടുവച്ച് പിടികൂടിയിരുന്നു. പുലിയെ ശിരുവാണി കേരളമേട്ടിൽ തുറന്നുവിടുകയായിരുന്നു.
അതേ പുലി ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്തെത്തി ആടുകളെ കടിച്ചുകൊല്ലുകയും എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു. വാക്കോടൻ മേഖലയിൽ എത്തുന്ന പുലികളെ കൂടുവച്ച് പിടിച്ച് സമീപത്തെ വനത്തിൽ തുറന്നു വിടുന്നതാണ് വീണ്ടും പുലികൾ എത്താൻ കാരണമെന്നു പ്രദേശത്തുകാർ പറയുന്നു.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, പഞ്ചായത്ത് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വന്യമൃഗശല്യം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി കെ.എ. തുളസി ഉറപ്പുനൽകി.