ഏതൊരു ദീർഘവീക്ഷണമുള്ള നേതൃത്വവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും സമൂഹത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിച്ചുകൊണ്ടുമാണ്. ശ്ലൈഹിക ശുശ്രൂഷയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കാൽ നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനവും നേതൃപാടവവും കേരളീയ പൊതുസമൂഹത്തിലും ആഗോളതലത്തിലും ഒരുപോലെ മാതൃകാപരമാണ്.
ശക്തമായ ദൈവാശ്രയബോധവും കഠിനാധ്വാനവും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സവിശേഷ കഴിവും യുക്തിസഹമായി കാര്യങ്ങളെ വിലയിരുത്താനുള്ള പാടവവും പിതാവിന്റെ വലിയ സവിശേഷതകളാണ്. സഭയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിതാവിന്റെ ജീവിതം ദേശത്തിനു വലിയ അനുഗ്രഹമാണ്.
►വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും ദീർഘവീക്ഷണവും
ആത്മീയം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്ന് പ്രധാന മേഖലകളെ സമഗ്രമായി ഏകോപിപ്പിക്കുന്നതിൽ അഭിവന്ദ്യ പിതാവ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദൈവജനത്തിന്റെ ബൗദ്ധികവും മാനുഷികവുമായ സാധ്യതകളെ വർധിപ്പിക്കാനും അവയെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും പിതാവ് നിരന്തരം പരിശ്രമിച്ചു.
മാർ ഈവാനിയോസ് കോളജ് ഉൾപ്പെടെ പതിനെട്ടോളം കലാലയങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനെ "മാർ ഈവാനിയോസ് വിദ്യാനഗർ' എന്ന് നാമകരണം ചെയ്തത് പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്. കാലോചിതമായ നവീകരണങ്ങളിലൂടെയും അത്യാധുനിക കെട്ടിടങ്ങളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും നിർമാണത്തിലൂടെയും ഈ വിദ്യാഭ്യാസ സമുച്ചയത്തെ അദ്ദേഹം ലോകനിലവാരത്തിലേക്ക് ഉയർത്തി.
2012ൽ മാർ ഗ്രിഗോറിയോസ് ലോ കോളജിന് തുടക്കം കുറിച്ചു. 2014ൽ പാറശാല ഭദ്രാസനത്തിൽ നെല്ലിക്കാട് മദർ തെരേസ കോളജും സാന്തോം ആർട്സ് ആൻഡ് സയൻസ് കോളജും സ്ഥാപിക്കുന്നതിനും പിതാവ് നേതൃത്വം നൽകി.
നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിൽ സ്ഥിതിചെയ്യുന്ന ലോകനിലവാരത്തിലുള്ള ബിസിനസ് കേന്ദ്രവും നെറ്റ്വർക്കിംഗ് ഹബ്ബുമായ "ബി-ഹബ്' കേരളത്തിലെ ഏറ്റവും വലിയ കോ-വർക്കിംഗ്, ലേണിംഗ്, നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായി വളർന്നത് സ്റ്റാർട്ടപ്പുകൾക്കും നവീകരണാശയങ്ങൾക്കും പിതാവ് നൽകിയ ഊന്നലിന്റെ ഫലമാണ്.
►ആതുരസേവനരംഗത്തെ മാതൃകാപരമായ കാൽവയ്പുകൾ
സാമൂഹിക സേവനരംഗത്ത്, വിശിഷ്യാ ആരോഗ്യമേഖലയിൽ പിതാവ് നൽകിയ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പിരപ്പൻകോട് പരിമിതമായ ആതുരശുശ്രൂഷകൾ മാത്രമുണ്ടായിരുന്ന കേന്ദ്രത്തെ സമഗ്രമായ "സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്' ആക്കി മാറ്റാൻ പിതാവിനു കഴിഞ്ഞു.
ഗ്രാമീണ ജനങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വൈദ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ കമ്യൂണിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചു.
ഡയാലിസിസ് കെയർ, ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതി (NLEP), പെയിൻ & പാലിയേറ്റീവ് കെയർ, സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഡി-അഡിക്ഷൻ, എയ്ഡ്സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ സമൂഹത്തിന് സമഗ്രമായ ആരോഗ്യപരിചരണം ഉറപ്പാക്കി. 2024ൽ കാരമൂട് പ്രദേശത്ത് മറ്റൊരു സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റൽകൂടി ആരംഭിച്ചുകൊണ്ട് ഈ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു.
►കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും
തന്റെ ജീവിതത്തിലെ എല്ലാ നാഴികക്കല്ലുകളും സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് കരുത്തു പകരുന്ന മുഹൂർത്തങ്ങളാക്കി മാറ്റാൻ പിതാവ് ശ്രദ്ധിക്കാറുണ്ട്. സഭയുടെയോ മതത്തിന്റെയോ അതിരുകൾ നോക്കാതെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയത്. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കായി സമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് 2008 മുതൽ വിവിധ ജീവകാരുണ്യ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിവരുന്നത്. 2008ൽ കാട്ടാക്കടയിൽ ബേത്ലഹേം ബോയ്സ് ഹോമും 2009ൽ നാലാഞ്ചിറയിൽ ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടും ആരംഭിച്ചു.
2010ൽ ചീക്കനാലിൽ ആശ്വാസഭവൻ സ്പെഷൽ സ്കൂളും അതിന്റെ പ്രവർത്തനങ്ങളും വിപുലീകരിച്ചു. തുടർന്ന് 2011ൽ പിരപ്പൻകോട് സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റലും 2012ൽ അവിടെ സൗജന്യ ഡയാലിസിസ് യൂണിറ്റും യാഥാർഥ്യമാക്കി. 2013ൽ അമ്പതോളം ഹിന്ദു-മുസ്ലിം സഹോദരങ്ങൾക്ക് ഭവനം നിർമിച്ചു നൽകിയ അദ്ദേഹം, 2014ൽ പട്ടത്ത് പാവപ്പെട്ട രോഗികൾക്കായുള്ള "സാന്ത്വനം' പരിചരണ ഭവനവും, 2015ൽ പിരപ്പൻകോട് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് കാൻസർ കെയറും സ്ഥാപിച്ചു.
വിരമിച്ച വൈദികർക്കായി 2016ൽ പിരപ്പൻകോട് "സായൂജ്യം' ഭവനത്തിന്റെ നിർമാണത്തിനും 2018ൽ തിരുവനന്തപുരം ജില്ലയിലെ ഓഖി ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്കും 2019ൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നാമഹേതുക തിരുനാളിന്റെ കാരുണ്യ ഫണ്ട് ഉപയോഗപ്പെടുത്തി.
2020ൽ അഞ്ചലിൽ നിരാലംബരായ സ്ത്രീകൾക്കും വിധവകൾക്കുമായി "അമ്മ വീട്' നിർമിച്ചു നൽകി. തുടർന്ന് 2021ൽ മാർത്താണ്ഡം രൂപതയിലെയും 2024ൽ പുത്തൂർ രൂപതയിലെയും ജീവകാരുണ്യ പദ്ധതികൾക്ക് അദ്ദേഹം പിന്തുണയേകി. കൂടാതെ 2022ൽ ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കും 2023ൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന സഹായത്തിനും അദ്ദേഹം നേതൃത്വം നൽകി. 2025ൽ പട്ടത്ത് രോഗികളുടെ പരിചരണത്തിനായി "സാന്ത്വനം' ഭവനത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി. ഓഖി ദുരന്തം, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭ കാലങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ അദ്ദേഹം മാതൃകാപരമായ പങ്കുവഹിച്ചു.
ഇതിനുപുറമേ, "സ്നേഹപൂർവം ഒരു വീട്' പദ്ധതിയിലൂടെ ഭവനരഹിതരായ 2336 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകുകയും പട്ടം കത്തീഡ്രൽ അങ്കണത്തിൽ സാധാരണക്കാർക്കായി "സ്നേഹവിരുന്നുശാല' ആരംഭിക്കുകയും ചെയ്തു. സമൂഹത്തിലെ ഭവനരഹിതർക്കും രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അദ്ദേഹം നൽകിയ സ്നേഹവും കരുണയും അതുല്യമാണ്.
തന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷവും പാവപ്പെട്ടവരോടുള്ള കരുതലിന്റെ അവസരമാക്കി മാറ്റിക്കൊണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 കുട്ടികൾക്ക് പഠനസഹായം നൽകുന്ന പുതിയ പദ്ധതിയും ഈ വർഷം ആരംഭിക്കുന്നുണ്ട്.
അഭിവന്ദ്യ പിതാവിന്റെ സമൂഹത്തിലെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെയും മഹത്തായ സംഭാവനകളെയും മാനിച്ച് നിരവധി പുരസ്കാരങ്ങൾ നൽകി സമൂഹം ഇതിനോടകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.