തിരുവനന്തപുരം: പദ്ധതികൾ ഗുണമേന്മയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിലാണു സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ.
2026- 27 ബജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനായുള്ള ‘റീ ഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിൾ കോണ്ഫറൻസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഇൻവെസ്റ്റ് ഇൻ കേരളം’ എന്ന സന്ദേശം ആഗോളതലത്തിൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം, അതിനായുള്ള വലിയ ചുവടുവയ്പാണ് ഈ പരിപാടി.
പദ്ധതി നടത്തിപ്പിൽ ആധുനിക സമീപനം സ്വീകരിക്കണം. അവ പുതിയ കാലത്തിന് അനുയോജ്യമായിരിക്കണം. വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിൽ പ്രവാസി മലയാളികളെക്കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കേരളത്തിലെ വിമാനത്താവള-തുറമുഖ മേഖലകളിൽ വൻ നിക്ഷേപ സാധ്യതകളുണ്ട്. സംസ്ഥാനത്തെ മികച്ച പ്രതിഭകളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടണമെന്നും യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വലിയ നിക്ഷേപങ്ങൾ വരണമെങ്കിൽ എല്ലാ രംഗങ്ങളിലും പുതിയ സാങ്കേതികവിദ്യ ഉൾപ്പടെ പ്രയോജനപ്പെടുത്തിയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തടസമുള്ള നയങ്ങൾ മാറ്റുകയെന്ന ഉറച്ച നിലപാടുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ, റോജി എം. ജോണ്, ഒ.ജെ. ജനീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റൗണ്ട് ടേബിൾ കോണ്ഫറൻസിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ വളരെ പ്രധാനമാണെന്നും പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിൽ ഇതിൽനിന്നുള്ള സുപ്രധാന ആശയങ്ങൾ ഉൾപ്പെടുത്തുമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ് കെ.എം. ചന്ദ്രശേഖർ പറഞ്ഞു.