ആലപ്പുഴ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്.
പിന്നിലൂടെ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ടതോടെ ആനി സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നിർത്തുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.