വാഴക്കുളം: കേരളപ്പിറവി ദിനത്തിൽ മലയാളികളായ മഹാന്മാരെ പരിചയപ്പെടുത്തുന്ന സ്റ്റാമ്പ് പ്രദർശനവുമായി റെയിൽവേ ഉദ്യോഗസ്ഥൻ. എറണാകുളത്ത് ചീഫ് ടിക്കറ്റ് എക്സാമിനറായ കല്ലൂർക്കാട് പുൽപ്പറമ്പിൽ ടോണീഷ് തോമസാണു തപാൽ വകുപ്പ് പുറത്തിറക്കിയ 39 മലയാളികളുടെ സ്റ്റാമ്പ് ശേഖരിച്ചു പ്രദർശനത്തിന് തയാറാക്കിയിട്ടുള്ളത്.
വി.കെ. കൃഷ്ണമേനോന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും രണ്ടിനം സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. ഇവ രണ്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1967 ഓഗസ്റ്റ് 21നാണ് തപാൽ വകുപ്പ് ആദ്യമായി ഒരു മലയാളിയുടെ സ്റ്റാമ്പ് പുറത്തിറക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ 15 പൈസ വിലയുള്ള സ്റ്റാമ്പാണത്. 2019 നവംബർ 22 ന് പുറത്തിറക്കിയ മാത്യു എം. കുഴിവേലിയുടെ സ്റ്റാമ്പാണ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ മലയാളി മുഖമുള്ള സ്റ്റാമ്പ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റായിരുന്ന ചേറ്റൂർ ശങ്കരൻ നായർ, സാമൂഹ്യ പരിഷ്കർത്താക്കളായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, ചട്ടമ്പിസ്വാമികൾ, മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബ്, ടി.എം. നായർ തുടങ്ങിയവരുടെയും മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസ്, ആർ.ശങ്കർ, സി.അച്യുതമേനോൻ തുടങ്ങിയവരെയും സ്റ്റാമ്പിലൂടെ തപാൽ വകുപ്പ് ആദരിച്ചിട്ടുണ്ട്.
സ്റ്റാമ്പുകൾക്കൊപ്പം ലഘുവിവരണങ്ങളും ടോണീഷ് തയാറാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി അമ്പതിലേറെ പ്രദർശനങ്ങൾ നടത്തിയ ടോണീഷിന്റെ ശേഖരത്തിൽ അര ലക്ഷം സ്റ്റാമ്പുകളുണ്ട്.