ലോകപ്രശസ്തമായ തജ്മഹൽ സന്ദർശിക്കാനെത്തിയ ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിക്ക് കുരങ്ങിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റേൺ ഗേറ്റിന് സമീപത്തുവെച്ച് കുരങ്ങിന്റെ കടിയേറ്റതിനെ തുടർന്ന് വിദേശവനിതയുടെ കൈക്ക് ആഴത്തിൽ മുറിവേൽക്കുകയും വലിയ തോതിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വേദനകൊണ്ട് പുളയുന്ന ടൂറിസ്റ്റും അടിയന്തര ചികിത്സ ലഭ്യമാക്കാൻ സഹായം അഭ്യർഥിക്കുന്ന ഒപ്പമുള്ളയാളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളാണ് പരിക്കേറ്റവരെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചെങ്കിലും, ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ആംബുലൻസ് സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ഒടുവിൽ ബാറ്ററി വാഹനത്തിലാണ് വിനോദസഞ്ചാരിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. സേവനത്തിൽ വീഴ്ചവരുത്തിയ ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎസ്ഐ അധികൃതർ ചീഫ് മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിലും ഉണ്ടായ വീഴ്ചയിൽ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള അമർഷവും വിമർശനവുമാണ് ഉയരുന്നത്.