കണ്ണൂർ: കണ്ണൂർ ടൗൺ സ്ക്വയറിലേക്കുള്ള പ്രവേശഭാഗത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകനായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ സർക്കാരിലെ മന്ത്രിയും കണ്ണൂർ എംഎൽഎയുമായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ഉപയോഗിച്ചു നടത്താനിരുന്ന പ്രവൃത്തി സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ഡിടിപിസിയുടെ അധീനതയിലുള്ള ടൗൺ സ്ക്വയറിന്റെ പാർക്കിംഗ് മേഖലയായി ഉപയോഗിക്കുന്ന സ്ഥലത്ത് സ്റ്റേജ്, ഗ്രീന്റ റൂം, ഓപ്പൺ ഓഡിറ്റോറിയം എന്നിവയോടു കൂടിയതാണ് പദ്ധതി. എന്നാൽ പദ്ധതിക്ക് ഇത്രയും തുക വേണ്ടതില്ലെന്നും ഫണ്ട് തട്ടിപ്പിനുള്ള സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു ആർട്ടിസ്റ്റ് ശശികല പരാതി നൽകിയത്. കോർപറേഷന്റെ അനുമതി വാങ്ങാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതി പിടിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിനു പിന്നിൽ ഏറെ ദുരൂഹതകളുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭ നടപടി എന്ന നിലയിൽ വിജിലൻസ് വിഭാഗം പരാതിക്കാരനെ വിളിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.
നിർമാണ പ്രവൃത്തികൾ നടത്തുന്പോൾ അതത് തദ്ദേശസ്ഥാപനങ്ങളിൽ പ്ലാൻ ഉൾപ്പടെയുള്ളവ സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമേ പ്രവൃത്തി ആരംഭിക്കാവൂ എന്നാണ് ചട്ടം. എന്നാൽ കോർപറേഷനിൽ പ്ലാനോ മറ്റു രേഖകളോ സമർപ്പിച്ചിട്ടില്ലെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. പാർക്കിംഗ് ഏരിയയിൽ പദ്ധതിയുടെ ഭാഗമായി പില്ലറുകൾ സ്ഥാപിക്കാൻ കുഴികളെടുത്തപ്പോഴാണ് നിർമാണ വിവരം തങ്ങൾ അറിയുന്നത്. വിവരം അറിഞ്ഞ ഉടൻ സ്റ്റോപ്പ് മെമ്മോ നൽകി പ്രവൃത്തി നിർത്തി വെപ്പിക്കുകയായിരുന്നു.
അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവൃത്തികൾ നിർത്തി വെപ്പിച്ചതിനൊപ്പം സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്ന നിർമാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിനോട് കോർപറേഷനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ നടപടികൾ ഉണ്ടായിട്ടില്ല. പാർക്കിംഗ് ഏരിയയിൽ നിറയെ കുഴികളെടുത്തതിനാൽ ഇപ്പോൾ ടൗൺ സ്ക്വയറിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്.