നിലമ്പൂര്‍: ചന്തക്കുന്ന്-വെളിയംതോട് റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേര്‍ന്ന് പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നതിന് എതിരേയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയത്.
12നകം പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎന്‍ജി റോഡിലെ താഴെ ചന്തക്കുന്ന് മുതല്‍ വെളിയംതോട് വരെയുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. കഴിഞ്ഞ രണ്ടുമാസമായി പ്രവൃത്തി മന്ദഗതിയിലാണ്. റോഡ് പണി പാതിവഴിയിലായതോടെ രൂക്ഷമായ പൊടിശല്യമാണ് പ്രദേശത്തെ കച്ചവടക്കാര്‍ നേരിടുന്നത്.
പൊടിശല്യം കാരണം വ്യാപാരം കുറയുന്നതിനൊപ്പം ജീവനക്കാര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതായും വ്യാപാരികള്‍ പറഞ്ഞു. 12നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാമെന്ന് കരാറുകാരന് ഉറപ്പുനല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിനോദ് പി. മേനോന്, കെ. സഫറുള്ള, ഷബീറലി മാടാല, ഭാസ്കരന് മഠത്തില്‍, എ.പി. രതീഷ്, എ.ടി. സലീം എന്നിവര്‍ പങ്കെടുത്തു.