വെള്ളരിക്കുണ്ട്: ടൗണിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാര-വ്യവസായ മേഖലകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പരിഹാരമാർഗങ്ങൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരരംഗത്തേക്ക്.
ഓരോ ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതുമൂലം മലയോരമേഖലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് യോഗം ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ടിൽ അനുവദിച്ച 110 കെവി സബ്സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തപക്ഷം കെഎസ്ഇബി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ തുടങ്ങാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ പി.കെ. സന്തോഷ് കുമാർ, പി.എം. ബേബി, റിങ്കു മാത്യു, എ.അസൈനാർ, സാം സെബാസ്റ്റ്യൻ, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.