മുംബൈ: മഹാരാഷ്ട്രയിലെ കൊളാബയിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് പിന്നിൽ ബസിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ശിവാനി പാൽ (65), പ്രാനിഷ് പാൽ (74), മധുപുർൺ പാൽ (28), ഹശരത് ഷെയ്ഖ് (34), ബാലാജി പാണ്ഡുരംഗ് യാദവ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒരു വളർത്തുനായ്ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഭക്തി പാർക്ക് ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നിലായി രണ്ട് കാറുകളും നിർത്തിയിട്ടിരുന്നു. ഉടൻ തന്നെ പിന്നിലെ എത്തിയ മറ്റൊരു ബസ് നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പൂർണമായും ബസിനടിയിലേക്ക് ഇടിച്ചുകയറി.
വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പൊലിസെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.