ഒരു രാത്രി ,ട്രെയിൻ യാത്ര സങ്കൽപ്പിച്ചു നോക്കൂ.കമ്പാർട്ടുമെന്റിൽ മിക്കവരും ഉറക്കത്തിലാണ്. ആ തിരക്കിനിടയിൽ ഒരു സീറ്റിൽ ആ പെൺകുട്ടിയും ഉറങ്ങുകയായിരുന്നു.പെട്ടെന്നാണ് അവൾക്ക് ഒരു തണുപ്പ് തോന്നിയത്. ആരോ തന്നെ തൊടുന്നു.ഞെട്ടി എഴുന്നേറ്റപ്പോൾ മുന്നിൽ ഒരു മുഖം. അവൾ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷെ ട്രെയിനിന്റെ ശബ്ദത്തിൽ ആരും കേട്ടില്ല.പിന്നെ നടന്നത് ക്രൂരതയായിരുന്നു.എതിർത്തപ്പോൾ അയാൾ അവളുടെ മുഖത്തടിച്ചു. മൂക്ക് പൊട്ടി ചോര വന്നു. എന്നിട്ട് ഓടുന്ന ട്രെയിനിൽ നിന്ന് അവളെ തള്ളിയിടാൻ നോക്കി.ഭാഗ്യം കൊണ്ട് മാത്രം അവൾ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം നിങ്ങൾ പത്രത്തിൽ വായിച്ച ആ വാർത്ത ഇതാണ്. ആശുപത്രിയിൽ കിടന്ന് പെൺകുട്ടി പറഞ്ഞ ഒരു വാചകമുണ്ട് -"അയാൾ എന്നെ കൊല്ലാനാണ് നോക്കിയത്".
കേട്ടാൽ തോന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന്. അല്ല, ഇത് തുടർകഥയാണ് .
കേരളം മറക്കാത്ത ചില യാത്രകളുണ്ട്:
1,സൗമ്യ (2011): എറണാകുളം-ഷൊർണൂർ ട്രെയിനിൽ സൗമ്യയെ ആക്രമിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്. 15 വർഷം കഴിഞ്ഞിട്ടും അതേ ഭയം തന്നെയാണ് ഇന്നും സ്ത്രീകൾക്ക്.
2. വർക്കല :
19 വയസ്സുള്ള ശ്രീക്കുട്ടി. കേരള എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്നു. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്,മദ്യപിച്ച ഒരാൾ അവളെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടു. നട്ടെല്ല് പൊട്ടി, തല പൊട്ടി, മാസങ്ങളോളം മെഡിക്കൽ കോളേജിൽ.
3. ചങ്ങനാശ്ശേരി :
കേരള എക്സ്പ്രസിൽ , മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തയാൾ. യാത്രക്കാർ തന്നെ അയാളെ പിടിച്ച് ഷർട്ട് കൊണ്ട് കൈകെട്ടി പോലീസിൽ ഏൽപ്പിച്ചു. കാരണം, ആ സമയത്ത് ട്രെയിനിൽ പോലീസ് തന്നെ ഉണ്ടായിരുന്നില്ല.
4. എറണാകുളം നോർത്ത്:
ട്രെയിനിൽ കയറാൻ നിന്ന പെൺകുട്ടിയെ പ്ലാറ്റുഫോമിൽ വെച്ച് കടന്നുപിടിച്ചയാൾ. പെൺകുട്ടി വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ഇട്ടപ്പോഴാണ് ആളുകൾ അറിഞ്ഞത്.ഇത് ആദ്യത്തെ സംഭവമല്ല. അവസാനത്തേതുമാകില്ല, നമ്മൾ ചോദ്യം ചോദിച്ചില്ലെങ്കിൽ.
ഓരോ വർഷവും പുറത്തു വരുന്ന കണക്കുകൾ ഞെട്ടിക്കും. 2023-24 ൽ 4.57 ലക്ഷം യാത്രാ സുരക്ഷാ പരാതികളുണ്ടായിരുന്നിടത്ത് 2024-25 ൽ അത് 7.50 ലക്ഷമായി ഉയർന്നു, 64% വർധനവ്. 2026 ലെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്തുകൊണ്ട് ഇത് കൂടുന്നു?
1. തിരക്കാണ് പ്രധാന വില്ലൻ
ജനറൽ കോച്ചിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഈ തിരക്കാണ് പലരും മുതലെടുക്കുന്നത്. ആരാണ് ചെയ്തതെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ.
2.എല്ലാവരും ഫോണിൽ, ആരും ശ്രദ്ധിക്കുന്നില്ല
മുൻപ് യാത്രക്കാർ പരസ്പരം ശ്രദ്ധിക്കുമായിരുന്നു,സംസാരിക്കുമായിരുന്നു.ഇപ്പോൾ എല്ലാവരും ഇയർഫോൺ വെച്ച് ചുറ്റും എന്ത് നടക്കുന്നു ,എന്ന് നോക്കുന്നുപോലുമില്ല . ഇത് കുറ്റം ചെയ്യുന്നവർക്ക് ധൈര്യം കൊടുക്കുന്നു.
3. പരാതി പറയാൻ മടി,
മുൻപ് പലരും പരാതി പറയാൻ മടിച്ചിരുന്നു. ഇപ്പോൾ സ്ത്രീകൾ ധൈര്യമായി പരാതി പറയാൻ തുടങ്ങി. അതുകൊണ്ട് കേസുകളുടെ എണ്ണം കൂടുതലാണ് . ഇത് നല്ല കാര്യമാണ്.
സ്ത്രീകൾ എന്ത് ചെയ്യണം?
റെയിൽവേ പോലീസ് തന്നെ പറയുന്ന സുരക്ഷാ മാർഗങ്ങൾ ഇതാ:
1. ലേഡീസ് കോച്ച് ഉപയോഗിക്കുക: കഴിയുന്നതും ലേഡീസ് കോച്ചിലോ, റിസർവേഷൻ കോച്ചിലോ കയറാൻ ശ്രമിക്കുക. രാത്രി ഒന്പത് മണിക്ക് ശേഷം ഒറ്റയ്ക്ക് ജനറൽ കോച്ച് ഒഴിവാക്കുക.
2. ഈ നമ്പർ ഫോണിൽ സേവ് ചെയ്യുക:
139 ഇത് റെയിൽവേ സഹായ നമ്പറാണ്. ഒരു മെസ്സേജ് അയച്ചാൽ പോലും RPF നിങ്ങളുടെ കോച്ചിൽ എത്തും. RailMadad ആപ്പിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്ത് പരാതി കൊടുക്കാം.
3. ഉറങ്ങുമ്പോൾ സൂക്ഷിക്കുക: രാത്രി യാത്രയിൽ സീറ്റിന്റെ അറ്റത്തല്ല, നടുക്കുള്ള സീറ്റിൽ ഇരിക്കുക. ബാഗ് മടിയിൽ വെക്കുക.
4. പ്രതികരിക്കാൻ മടിക്കരുത്:
എന്തെങ്കിലും മോശം അനുഭവം തോന്നിയാൽ ഉച്ചത്തിൽ പ്രതികരിക്കുക. ചുറ്റുമുള്ളവർ സഹായിക്കും. മിണ്ടാതിരുന്നാൽ അവർക്ക് ധൈര്യം കൂടും.നിങ്ങളുടെ ഒരു ശബ്ദം നിങ്ങളെ മാത്രമല്ല, അടുത്തിരിക്കുന്ന മറ്റൊരു പെൺകുട്ടിയെയും രക്ഷിക്കും.ട്രെയിൻ യാത്ര എന്നത് വെറും യാത്രയല്ല, ആയിരക്കണക്കിന് സ്ത്രീകളുടെ ജോലിയും വിദ്യാഭ്യാസവും സ്വപ്നവുമാണ്. ആ യാത്ര സുരക്ഷിതമാക്കേണ്ടത് റെയിൽവെയുടെ മാത്രം ഉത്തരവാദിത്തമല്ല, നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.അടുത്ത തവണ ജനറൽ കമ്പാർട്ടുമെന്റിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഭയന്ന് നിൽക്കുന്നത് കണ്ടാൽ, ഒന്ന് അടുത്ത് നിൽക്കുക. അതാണ് ആ നിമിഷം അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ സുരക്ഷ.
നിങ്ങൾക്ക് പറയാനുണ്ടോ?
ട്രെയിൻ യാത്രക്കിടെ ഇതുപോലെ മോശം അനുഭവം നിങ്ങൾക്കോ നിങ്ങൾക്ക് പരിചയമുള്ള ആർക്കെങ്കിലുമോ ഉണ്ടായിട്ടുണ്ടോ? ഭയന്ന് മിണ്ടാതിരിക്കരുത്.നിങ്ങളുടെ അനുഭവം താഴെ കമന്റ് ആയി പറയൂ. നിങ്ങളുടെ ഒരു കമന്റ് മറ്റൊരു പെൺകുട്ടിക്ക് ധൈര്യമാകും. അതോടൊപ്പം, ഈ വാർത്ത നിങ്ങളുടെ മക്കൾക്കും സഹോദരിക്കും സുഹ്യത്തുകൾക്കും ഷെയർ ചെയ്യൂ.