അഹമ്മദാബാദിൽ നിന്നും ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ സംഗീത ബാൻഡായ "സ്റ്റോൺ കീസ്'ന് ലഭിച്ചത് അപ്രതീക്ഷിതമായൊരു വേദി. ട്രെയിനിന്റെ സാധാരണ ബോഗി നിമിഷനേരം കൊണ്ട് ആവേശം നിറഞ്ഞൊരു സംഗീത നിശയുടെ വേദിയായി മാറി.
യാത്രക്കാരുമായി തത്സമയം സംവദിച്ചുകൊണ്ട് ബാൻഡ് അവതരിപ്പിച്ച "ജാം സെഷൻ' ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ ഈ സംഭവം ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്.
യാത്രയുടെ വിരസത മാറ്റാനായി ബാൻഡ് അംഗങ്ങൾ ട്രെയിൻ കോച്ചിന്റെ ഒരറ്റത്ത് സംഗീതോപകരണങ്ങളുമായി ഒരുമിച്ചു ചേരുകയായിരുന്നു.
വളരെ പെട്ടെന്നുതന്നെ ചുറ്റുമുള്ള യാത്രക്കാർ ഈ സംഗീതത്തിലേക്ക് ആകർഷിക്കപ്പെടുകയും ബാൻഡിനൊപ്പം ചേരുകയും ചെയ്തു.
"ഇന്തേഹാ ഹോ ഗയി ഇന്തസാർ കി' എന്ന പഴയ ഹിന്ദി ഗാനത്തിലെ പ്രശസ്തമായ "ചാ ഗയി ഫിർ വഹീ ബേഖുദി' എന്ന വരി എല്ലാവരും ചേർന്ന് ഏറ്റുപാടിയപ്പോൾ ആ ട്രെയിൻ ബോഗിയിൽ ആഹ്ലാദത്തിന്റെ അലകൾ ഉയർന്നു.
മൊബൈൽ ഫോണുകളിൽ ഈ ദൃശ്യങ്ങൾ പകർത്താനും പാട്ടിൽ പങ്കുചേരാനും യാത്രക്കാർ മത്സരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് സ്റ്റോൺ കീസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്, "പൊതുഗതാഗത സംവിധാനം ഒരു പൊതു കച്ചേരിയായി മാറി' എന്നാണ്.
ഈ വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങളിൽ പ്രമുഖ ഓൺലൈൻ സംഗീത പ്ലാറ്റ്ഫോമായ ആമസോൺ മ്യൂസിക് നൽകിയ കമന്റാണ് ശ്രദ്ധേയമായത്. "അടുത്ത സ്റ്റേഷനിൽ ഞങ്ങളും വരുന്നുണ്ട്' എന്ന കമന്റ്, ഈ വീഡിയോയുടെ സ്വീകാര്യത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
എന്നാൽ, എല്ലാവർക്കും ഇത്തരമൊരു മനോഹരമായ യാത്രാനുഭവം ലഭിക്കാറില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് പലരും തമാശരൂപേണ കമന്റുകൾ പങ്കുവെച്ചു.
"ഞാൻ യാത്ര ചെയ്യുന്ന ട്രെയിനിൽ എപ്പോഴും കുട്ടികളുടെ കരച്ചിലായിരിക്കും കേൾക്കുക,' എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "മൂഡ് നശിപ്പിക്കാൻ വയസായ അമ്മാവന്മാരോ അമ്മായിമാരോ ഇല്ലാതെ കിട്ടിയ ഈയൊരവസരം അപൂർവമാണ്' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഈ ബാൻഡിന്റെ ഊർജ്ജസ്വലതയെ പ്രശംസിച്ചുകൊണ്ട്, "ഇവർ പ്രഭാതഭക്ഷണത്തിന് നൂറ് എക്സ്ട്രോവേർട്ടുകളെയാണ് കഴിച്ചത്,' എന്ന് ഒരു കമന്റ് വന്നു.
സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ, യാത്രാവിശേഷങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിയെഴുതാൻ പോന്ന ഒന്നായി മാറിക്കഴിഞ്ഞു.
സാധാരണ ട്രെയിൻ യാത്രകൾ അവിസ്മരണീയമായൊരു സംഗീത യാത്രയായി മാറിയ ഈ നിമിഷം, കലയ്ക്ക് അതിരുകളില്ലെന്നും അത് ജനങ്ങളെ ഒരുമിപ്പിക്കുമെന്നും ഒരിക്കൽക്കൂടി തെളിയിക്കുന്നു.