കണ്ണൂർ: ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിച്ച യാത്രാ കൺസഷന്റെ സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ ആണെന്നും ഈ സമയത്ത് യാത്രാപാസ് കൈവശമുള്ള വിദ്യാർഥികൾക്ക് നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്നും ഇന്നലെ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ബസ് കണ്ടക്ടർമാർക്ക് കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലായ്മ ഉണ്ടാകാമെന്നും കണ്ടക്ടർമാർക്കിടയിൽ ഇതുസംബന്ധിച്ച് അവബോധം നടത്താമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ചില ബസുകൾ നിർത്തുന്നില്ലെന്നും എസ്എൻ കോളജ്, ഗവ. ഐടിഐ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജ് ബസ് സ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും നിർത്താറില്ല. ഏതൊക്കെ ബസുകളാണ് നിർത്താത്തതെന്ന് കൃത്യമായ വിവരം ലഭിച്ചാൽ ആർടിഒ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു.
യോഗത്തിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.എസ്. ഉണ്ണികൃഷ്ണൻ, ജോയിന്റ ആർടിഒ കെ. വിനോദ്കുമാർ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെഎസ്ആർടിസി വകുപ്പ് പ്രതിനിധികൾ, വിദ്യാർഥി സംഘടന, ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പാരലൽ കോളജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.