സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകളും മതതീവ്രവാദവും ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹങ്ങളെ വലിയ പലായനത്തിലേക്കും ഭീതിയിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര കത്തോലിക്ക ചാരിറ്റി പ്രസ്ഥാനമായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് ലോകം കാണാതെപോകുന്ന ഒരു വലിയ മനുഷ്യാവകാശ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ 27ന് പുറത്തുവിട്ട ‘പീഡിപ്പിക്കപ്പെടുന്നവരും വിസ്മരിക്കപ്പെടുന്നവരും: 2024-2026’ ( പെർസിക്യൂട്ടഡ് ആൻഡ് ഫൊർഗോട്ടൻ 2024-2026) എന്ന റിപ്പോർട്ട് പ്രകാരം, പഠനവിധേയമാക്കിയ പകുതിയിലധികം രാജ്യങ്ങളിലും ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ മുന്പത്തേക്കാൾ രൂക്ഷമായിട്ടുണ്ട്. ഇതോടെ പരമ്പരാഗതമായി നിലനിൽക്കുന്ന പല ക്രിസ്ത്യൻ സമൂഹങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ ലോകം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരു ‘മനുഷ്യാവകാശ ദുരന്തമായി’ തുടരുകയാണെന്ന് എസിഎൻ പ്രസ് ആൻഡ് പബ്ലിക് അഫയേഴ്സ് മേധാവി ജോൺ പോണ്ടിഫെക്സ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ 41.3 കോടി ക്രൈസ്തവർ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നേരിടുമ്പോൾ, പഠനം നടത്തിയ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും സ്ഥിതിഗതികൾ മുൻ വർഷങ്ങളേക്കാൾ ദയനീയമായി. ഒരു രാജ്യത്തുപോലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നതാണു പഠനത്തിന്റെ പ്രധാന കണ്ടെത്തൽ. പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ന്യൂനപക്ഷ ക്ഷേമമന്ത്രി ഷഹബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടിയാണ് റിപ്പോർട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത്. മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്കായി ലോകം എന്തു ചെയ്യാൻ തയാറാണെന്ന് അദ്ദേഹം ചോദിക്കുന്നു.
ഏഷ്യയിലും ലാറ്റിനമേരിക്കയിലും ഭരണകൂട അടിച്ചമർത്തൽ
ഏഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തീവ്ര ദേശീയതയും ഭരണകൂട അടിച്ചമർത്തലുകളുമാണ് വിശ്വാസികൾക്ക് വെല്ലുവിളിയാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവ വിശ്വാസത്തെ ഭരണകൂടത്തിനു ഭീഷണിയായി കാണുന്ന ഉത്തരകൊറിയയിൽ ബൈബിൾ കൈവശം വയ്ക്കുന്നതും പ്രാർഥിക്കുന്നതും തടവറയ്ക്കോ വധശിക്ഷയ്ക്കോ കാരണമാകുന്നു. രാജ്യത്തെ തടങ്കൽപ്പാളയങ്ങളിലുള്ള 1,90,000 ആളുകളിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്.
ചൈനയിൽ ഡിജിറ്റൽ നിരീക്ഷണങ്ങൾ കടുപ്പിച്ചും അനുമതിയില്ലാത്ത പ്രാർഥനകൾ നിരോധിച്ചും മതപരമായ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമാണുള്ളത്. നിയമങ്ങൾ അനുസരിക്കാത്ത പള്ളികൾ തകർക്കുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും വൈദികരെ നാടുകടത്തുകയും ചെയ്യുന്നു. രാജ്യത്തേക്ക് ബൈബിളുമായി പ്രവേശിക്കുന്നതുപോലും ഇവിടെ നിരോധിച്ചിട്ടുണ്ട്.
സിറിയയിൽ തീവ്രവാദ സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചു വരികയാണ്. ഇവരുടെ പ്രധാന ശത്രുക്കളാകട്ടെ ക്രൈസ്തവരും. അതിനാൽത്തന്നെ രാജ്യത്ത് പള്ളികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.
പാക്കിസ്ഥാനിൽ നീതി നിഷേധിക്കപ്പെടുന്നു
പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവയാണു പ്രധാന പ്രശ്നങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൗരാവകാശ സംരക്ഷണ നിയമങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഇസ്ലാമിക നിയമങ്ങളുടെ ചില വ്യാഖ്യാനങ്ങൾക്കു നൽകിക്കൊണ്ട് കോടതികൾപോലും ചിലപ്പോഴൊക്കെ ഇത്തരം നടപടികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പീഡനങ്ങളുടെ നേർസാക്ഷ്യമായി സോളമൻ അക്കോ
നൈജീരിയയിൽ ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട 33കാരനായ സോളമൻ അക്കോയുടെ അനുഭവങ്ങൾ എസിഎൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കൻ നൈജീരിയയിലെ സാറിയയ്ക്കു സമീപമുള്ള ഗ്രാമത്തിൽനിന്നാണു തീവ്രവാദികൾ സോളമനെ തട്ടിക്കൊണ്ടുപോയത്. “മതം മാറാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അതു വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഞങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് പൂട്ടുകയും ചെയ്തു. മണിക്കൂറുകളോളം കഴുത്തറ്റം തണുത്ത വെള്ളത്തിൽ മുക്കി നിർത്തി, വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി”-സോളമൻ വെളിപ്പെടുത്തി.
ബന്ധിയാക്കപ്പെട്ട കാലത്ത് ചങ്ങലകളിൽ കിടക്കുമ്പോഴും പ്രാർഥനയിലൂടെയാണു തങ്ങൾ പിടിച്ചുനിന്നതെന്നു സോളമൻ പറയുന്നു. “ഓരോ രാത്രിയിലും തട്ടിക്കൊണ്ടുപോയവർ ഉറങ്ങുമ്പോൾ ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. ഞങ്ങൾ ഒറ്റയ്ക്കല്ലെന്നും ദൈവം ഞങ്ങളോടൊപ്പമുണ്ടെന്നും ലോകത്ത് എവിടെയോ ഞങ്ങൾക്കായി പ്രാർഥിക്കുന്ന ആളുകളുണ്ടെന്നും ഞങ്ങൾക്കറിയാമായിരുന്നു. അതാണ് അന്നു സഹിക്കാനുള്ള കരുത്ത് നൽകിയത്; ഇന്ന് ജീവിക്കാൻ കരുത്ത് നൽകുന്നതും അതുതന്നെയാണ്.” -സോളമൻ ആകോ പറഞ്ഞു.
റിപ്പോർട്ടിലെ കണക്കുകൾക്കു പിന്നിൽ മനുഷ്യരുടെ മുഖങ്ങളും കുടുംബങ്ങളുമുണ്ടെന്നും തങ്ങളെ ലോകം മറക്കരുതെന്നാണ് പീഡനം നേരിടുന്ന ഓരോ ക്രൈസ്തവന്റെയും അഭ്യർഥനയെന്നും റിപ്പോർട്ടുകൾ തയാറാക്കിയ സംഘത്തെ നയിച്ച എസിഎൻ ഡയറക്ടർ മാർത്ത പെട്രോസില്ലോ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണന
ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളുടെ ഭീകരതയേക്കാൾ ആശങ്കാജനകമാണ് അന്താരാഷ്ട്രതലത്തിൽ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ പരിഗണനയെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. നൈജീരിയയിലോ സിറിയയിലോ ഒരു പള്ളി അക്രമിക്കപ്പെടുമ്പോൾ അത് വെറുമൊരു വംശീയസംഘർഷമായോ ഭൂമിക്കും ജലത്തിനും വേണ്ടിയുള്ള തർക്കമായോ ഭൗമരാഷ്ട്രീയ അസ്ഥിരതയായോ ചിത്രീകരിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്.
മതംതന്നെയാണ് ഇതിനു കാരണമെന്ന് അക്രമികളും ഇരകളും വ്യക്തമായി പറയുമ്പോഴും സംഭവങ്ങളുടെ മതപരമായ വശം മൂടിവയ്ക്കപ്പെടുകയാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. ഇത്തരം സമീപനം ന്യൂനപക്ഷങ്ങളായി ജീവിക്കുന്ന ക്രൈസ്തവരുടെ യഥാർഥ അവസ്ഥ ലോകത്തിനുമുന്നിൽ മറച്ചുവയ്ക്കാൻ ഇടയാക്കുന്നു. അതേസമയം, തങ്ങൾ ഒറ്റയ്ക്കല്ലെന്ന വിശ്വാസവും പ്രാർഥനയുമാണ് തങ്ങൾക്കു കരുത്ത് നൽകുന്നതെന്ന് പീഡനങ്ങളെ അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.