District News
പുൽപ്പള്ളി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. മരക്കടവ് മഞ്ഞളാത്ത് പ്രസാദാണ്(55)മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ മൂഴിമലയിൽ സ്വകാര്യ കൃഷിയിടത്തിലാണ് അപകടം.
കൂടെയുണ്ടായിരുന്നവർ ഒച്ചയിട്ടതിനെത്തുടർന്നു നാട്ടുകാരെത്തി മരം മുറിച്ചുമാറ്റിയാണ് പ്രസാദിനെ പുറത്തെടുത്തത്. ഉടൻ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല.
National
റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.
പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്റ് ചെയ്തതും.
സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
Kerala
തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര.
കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
District News
എടക്കര: കാറ്റിലും മഴയിലും പോത്തുകല്ലിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ പനങ്കയം ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ടിപ്പറുകൾക്ക് മുകളിൽ തേക്ക് മരങ്ങൾ പൊട്ടി വീണു. കൊച്ചുട്ടൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ടിപ്പറിന് കേടുപാടുകൾ സംഭവിച്ചു.
ഡ്രൈവർമാർ വാഹനത്തിന് പുറത്തായതിനാൽ അപകടമുണ്ടായില്ല. പ്രദേശത്ത് മരങ്ങൾ പൊട്ടി വീണ് പത്തോളം വെദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. മേഖലയിൽ വൈദ്യുതി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.
വെള്ളിമുറ്റം ബൈപാസ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് പ്രദേശത്ത് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. സമീപ പഞ്ചായത്തുകളിലും ശക്തമായ കാറ്റ് വീശിയിരുന്നു.
District News
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കണ്‍സർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്.
കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ ആർഡിഒയുടെ കാര്യാലയത്തിൽ വെവ്വേറെ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീലുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കുന്നതിന് ആർഡിഒ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ മുഖേന കക്ഷികൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒഴിവാകുമെന്ന വിശ്വാസത്തിൽ പട്ടയം ഉടമകൾ കുറ്റം തീർത്ത് അപ്പീൽ സമർപ്പിച്ചിരുന്നില്ല.
അപാകത പരിഹരിച്ച അപ്പീൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ഭൂവുടമകൾക്ക് ലഭിച്ച നോട്ടീസിൽ. അല്ലാത്തപക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. അപ്പീൽ സമർപ്പണത്തിന് ഇനി അവസരം ഉണ്ടാകില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃത ഈട്ടിമുറി നടന്നത്.
മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് കച്ചവടക്കാർ കർഷകരിൽനിന്നു ഈട്ടികൾ വിലയ്ക്കുവാങ്ങിയത്. കച്ചവടക്കാരുടെ വാക്ക് വിശ്വസിച്ച് മരങ്ങൾ നിസാര വിലയ്ക്ക് വിറ്റവരാണ് കെണിയിലായത്. പലരും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎൽസി നടപടികൾ നേരിടേണ്ട സാഹചര്യം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎൽസി നടപടിക്കു വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപ പിഴ കണക്കാക്കിയിരുന്നു. ഈ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ നോട്ടീസ് ലഭിച്ച പട്ടയം ഉടമകൾ. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെഎൽസി നടപടികൾ. മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി ലാൻഡ് റവന്യു കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ കെഎൽസി നടപടികൾ ഒഴിവാകൂവെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
സർക്കാർ നീക്കം അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പട്ടയം ഉടമകളിൽനിന്നു വലിയ തുക പിഴ ഇടാക്കാനുള്ള സർക്കാർ നീക്കം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഭൂവുടമകളെ തെറ്റിധരിപ്പിച്ച് നിസാരവിലയ്ക്ക് ഈട്ടികൾ വിലയ്ക്കുവാങ്ങി മുറിച്ചവർക്കാണ് പിഴ ചുമത്തേണ്ടത്.
സർക്കാർ പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിയമവിരുദ്ധ ഈട്ടിമുറി നടന്നത്. 1964ൽ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം അനുവദിച്ചതാണ് റവന്യു പട്ടയങ്ങൾ. ഭൂമിയിലെ ഈട്ടി, ചന്ദനം, തേക്ക്, കരിമരം എന്നിവയുടെ സംരക്ഷണച്ചുമതല കൈവശക്കാരനിൽ നിക്ഷിപ്തമാക്കിയാണ് പട്ടയം നൽകിയത്.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഉണ്ടായ വീഴ്ച മുതലാക്കി ചിലർ നടത്തിയ കൊള്ളയാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത്. ആദിവാസികൾക്കും കർഷകർക്കും എതിരായ കെഎൽസി നടപടികൾക്കു നീതീകരണമില്ലെന്നും അപ്പച്ചൻ പറഞ്ഞു.