പുനലൂർ: മുക്കടവ് ആളുകേറമലയിൽ ആറുമാസം മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം മരത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്.
ഈ കേസിൽ പ്രതിയെന്നു സംശയിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം നടത്തിയ ആളിന്റേതാണ് മൃതദേഹമെന്ന് പോലീസ്. ആലപ്പുഴ താമരക്കുളം ചേറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം വേടരപ്ലാവിൽ വീട്ടിൽ കുട്ടിയുടെ മകൻ പാപ്പർ എന്ന അനിക്കുട്ടന്റെ(46) മൃതദേഹമാണ് മുക്കടവിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. എന്നാൽ ഇതു കൊലപാതകമോ ആത്മഹത്യ യോ എന്ന് സ്ഥിരീകരിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. മരിച്ചയാളിനെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് സൂചിപ്പിച്ചു. അതേസമയം കേസ് സംബന്ധിച്ച അന്വേഷണവും ഇപ്പോഴത്തെ കണ്ടെത്തലും ദുരൂഹത ഉയർത്തുന്നു.
പുനലൂർ- പൊൻകുന്നം സംസ്ഥാന ഹൈവേയിൽ മുക്കടവിനു സമീപം ആളുകേറാ മലയിൽ റബർ തോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന് സ്വാധീനം ഇല്ലാത്ത മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നു. ആളിനെ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മുഖം ഉൾപ്പെടെ കത്തിക്കരിഞ്ഞിരിന്നു.
ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവും മുഖം ഉൾപ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ചു ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.
സാഹചര്യത്തെളിവുകളും മറ്റും കണക്കിലെടുത്ത് ആസൂത്രിതമായ കൊലപാതകം ആണെന്ന നിലയിലായിരുന്നു പോലീസ്. മരിച്ചയാളിനെ തിരിച്ചറിയുന്നതിനടക്കം പോലീസ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള മാൻ മിസിംഗ് കേസുകളും ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വെട്ടിത്തിട്ടയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും കന്നാസുമായി നിൽക്കുന്ന അനിക്കുട്ടന്റെ ദൃശ്യം പോലീസിനു ലഭിച്ചത് നിർണായകമായി. പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ ഒരു വെള്ള കന്നാസ് മൃതദേഹത്തിനു സമീപത്തു നിന്നും പോലീസ് അന്ന് കണ്ടെടുത്തിരുന്നു. ഇതാണ് അനിക്കുട്ടനിലേക്ക് അന്വേഷണം നീളാൻ കാരണം.
അനിക്കുട്ടൻ ഈ കേസിൽപ്പെട്ടയാൾ ആകാമെന്ന നിഗമനത്തിൽ ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അനിക്കുട്ടന്റെ ബന്ധുക്കളെ കണ്ടെത്തി ഡിഎൻഎ ശേഖരിച്ച് പരിശോധന നടത്തി. ഈ കേസിൽ പ്രതിയാകാമെന്ന് ആദ്യം മുതൽ തന്നെ സംശയിച്ചിരുന്ന അനിക്കുട്ടനാണ് മരിച്ചത് എന്നുള്ള വിവരം ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
2025 സെപ്റ്റംബറിൽ ചാരുംമൂട് നിന്നും ടൈൽസ് ജോലിക്കാരനായ അനിക്കുട്ടനെ കാണാതായതായും മൃതദേഹം കണ്ടെത്തിയതിന് അടുത്ത ദിവസങ്ങളിൽ അനിക്കുട്ടന്റെ സാന്നിധ്യം പുനലൂരിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് 3.18ന് കന്നാസുമായി അനിക്കുട്ടൻ വെട്ടിത്തിട്ടയിലെ പമ്പിൽ നിൽക്കുന്ന വിവിധ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ പ്രതിയായിരിക്കാമെന്ന സംശയമായിരുന്നു ആദ്യം മുതൽ പോലീസിന്.
Tags : Twist body chained tree Anikuttan body Mukkadav