ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദേശം.
ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി കർശന നിർദേശം നൽകി. ഒരു ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചെന്ന് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകൾ തൊടുത്തതോടെ ലോകം വീണ്ടും യുദ്ധമുനമ്പിലായി.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ചുവിട്ടത്.
Tags : Indian embassy Iran