ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപകനാശം. ഇടുക്കി ശാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ചന്നകട പാലത്തിന് സമീപമുണ്ടായ ദാരുണസംഭവത്തിൽ ശാന്തന്‍പാറ സ്വദേശി വിജയനാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ വിജയനെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റവരിൽ ഏഴാം ക്ലാസ് വിദ്യാർഥിയും ഉൾപ്പെടുന്നു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അതിനിടയിൽ കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയാണ് ചരിഞ്ഞത്.
പത്തനംതിട്ട കോന്നി കൊക്കാത്തോട്ടിൽ ഇടിമിന്നലേറ്റ് യുവതിക്ക് പരിക്കേറ്റു. ഒരേക്കർ സ്വദേശി സിന്ധുവിനാണ് മിന്നലേറ്റത്. ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.