ഫിലാഡൽഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ ജനകീയ സംഘടനയും വിവിധ മലയാളി സംഘടനകളുടെ ഐക്യവേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിക്കുന്ന "പൊന്നോണം വന്നോണം' എന്ന മെഗാ ഓണാഘോഷത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഫിലാഡൽഫിയയിലെ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 Academy Road, Philadelphia, PA 19114) വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം നടക്കുക.
പ്രവാസ ലോകത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നു. മുൻവർഷങ്ങളിൽ വി.ഡി. സതീശൻ, യുഎസ് കോൺഗ്രസ്മാൻമാരായ മൈക്ക് ഫിറ്റ്സ്പാട്രിക്കും ബ്രെൻഡൻ ബോയലും പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ, മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖർ ഈ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ജീവിതത്തിലെ തിരക്കുകൾക്കിടയിലും സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുകയും സ്വന്തം മേഖലയിൽ മികവ് തെളിയിക്കുകയും ചെയ്ത വ്യക്തികളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് അറിയിച്ചു.
അവാർഡ് നിർണയത്തിലെ സുതാര്യതയും അർഹരായ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്ന സമീപനവുമാണ് ഈ പുരസ്കാരങ്ങളുടെ മൂല്യം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൃഹാതുരത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പ്രത്യേകതയെന്ന് ചെയർമാൻ ലെനോ സ്കറിയ പറഞ്ഞു. മലയാളികളുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജോബി ജോർജ് വ്യക്തമാക്കി.
ഓണസദ്യ, അത്തപ്പൂക്കളം, ഘോഷയാത്ര, പഞ്ചാരിമേളം, സാംസ്കാരിക സമ്മേളനം, മെഗാ തിരുവാതിര, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്ന്, ഫയർ വർക്സ് എന്നിവ ഉൾപ്പെടെ വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ട്രഷറർ രാജൻ ശാമുവേൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ റോണി വർഗീസ്, സെക്രട്ടറി സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ ജോർജ് - 267 970 4267.