മംഗലംഡാം: കടപ്പാറക്കടുത്ത് പോത്തൻതോട് പാലത്തിനു മുകളിലുള്ള മലയിലെ സ്വകാര്യ തോട്ടത്തിലെ വീട്ടിൽ ആദിവാസി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിക്കുന്ന ആദിവാസി യുവതിയെ മംഗലംഡാം പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ചിയാർപ്പതി ആദിവാസി ഊരിലെ പരേതനായ രാമകൃഷ്ണന്റെ മകൻ രാമസ്വാമി (52)ആണ് കൊല്ലപ്പെട്ടത്. ഒലിപ്പാറക്കടുത്ത് കൽച്ചാടി ആദിവാസി ഊരിലെ രുഗ്മിണി (26) ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: രാമസ്വാമിയും രുഗ്മിണിയും ഒരു വർഷത്തോളമായി ഒന്നിച്ചാണു താമസിച്ചിരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം.
രാമസ്വാമിയുടെ തലയിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. സമീപത്തൊന്നും ആൾതാമസമില്ലാതെ ഒറ്റപ്പെട്ട സ്ഥലമായതിനാൽ സംഭവം പുറത്തറിഞ്ഞില്ല. ഇന്നലെ രാവിലെ രുഗ്മിണിതന്നെയാണ് സമീപത്തെ തോട്ടത്തിലെത്തിയ ആളുകളോട് വിവരം പറഞ്ഞത്.