ന്യൂഡൽഹി: ഏഴുമുതൽ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ മൂന്നു ഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന നിർദേശത്തിൽ കാതലായ തിരുത്തലുകൾ വരുത്തി സിബിഎസ്ഇ. ഇപ്പോൾ 7 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നിർദേശം പിന്തുടരേണ്ടതില്ല. രണ്ട് അന്യഭാഷകള്‍ തെരഞ്ഞെടുത്തവര്‍ക്ക് നിലവിലെ കോംബോയില്‍ തുടരാന്‍ അനുവാദമുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
അടുത്ത ഒന്നാംതീയതി മുതൽ നടപ്പാകുന്ന പരിഷ്കാരത്തിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചതോടെയാണ് ഇളവുകൾ. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതല്‍ ഭാവിയില്‍ നടപ്പിലാക്കുമെന്നും 7 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍കാല പ്രാബല്യത്തില്‍ ഇത് ബാധകമാകില്ലെന്നുമാണു സിബിഎസ്ഇ വിശദീകരണം.
ത്രിഭാഷാ നയം സംബന്ധിച്ച് കഴിഞ്ഞമാസമാണു സിബിഎസ്ഇ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്നും മൂന്നാമത്തേതായി ആവശ്യമെങ്കിൽ വിദേശഭാഷയും തെരഞ്ഞെടുക്കാമെന്നാണ് നിർദേശം.
എന്നാൽ, പാഠപുസ്തകങ്ങള്‍ തയാറാക്കാതെയാണ് മൂന്നാം ഭാഷ നിര്‍ബന്ധമാക്കുന്നതെന്ന ആശങ്ക വിദ്യാർഥികളും രക്ഷിതാക്കളും ഉയർത്തിയിരുന്നു. അധ്യാപകരുടെ കാര്യത്തിലും പ്രതിസന്ധിയുണ്ടായിരുന്നു.
ഭാഷാ അധ്യാപകരുടെ കുറവു നേരിടുന്ന സ്കൂളുകള്‍ക്ക് വിരമിച്ചവരെയോ ആ ഭാഷയില്‍ പ്രാവീണ്യമുള്ള മറ്റു വിഷയങ്ങളിലെ അധ്യാപകരെയോ താല്‍ക്കാലികമായി നിയമിക്കാമെന്ന നിർദേശമാണ് സിബിഎസ്ഇ നൽകിയിരുന്നത്.