ബേക്കൽ: വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളുടെ അക്ഷയഖനിയാണ് കാസർഗോഡ് ജില്ലയെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്.
ബീച്ച് ടൂറിസം, കായല്‍ ടൂറിസം, ഹിൽ സ്റ്റേഷനുകൾ, സാഹസിക ടൂറിസം, ഫാം ടൂറിസം, സാംസ്കാരിക ടൂറിസം തുടങ്ങി എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനില്‍ക്കുന്ന ജില്ലയാണ് കാസര്ഗോഡെന്ന് ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനത്തിനൊടുവിൽ ബേക്കലിൽ നടത്തിയ ലാന്റേൺ ഫെസ്റ്റ് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ പ്രധാന കേന്ദ്രമായി മാറാന്‍ ബേക്കലിന് കഴിഞ്ഞിട്ടുണ്ട്. നീലേശ്വരം കോട്ടപ്പുറത്ത് നിലവില്‍ 40 ഹൗസ് ബോട്ടുകളുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 250 വരെയായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. ജില്ലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ സാധ്യതകളുണ്ട്. ഇതിനായി ജില്ലയില്‍ ഒരു ദിവസം പൂര്‍ണമായും ചെലവഴിച്ച് എംപി, എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎൽഎമാരായ കെ.നീലകണ്ഠന്, കല്ലട്ര മാഹിന്‍, കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, അംഗങ്ങളായ ടി.വി. രാധിക, സുകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശോഭ, ചന്ദ്രൻ നാലാംവാതുക്കൽ, എ.കുഞ്ഞിരാമൻ, ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹക്കീം കുന്നില്‍, ബിആര്‍ഡിസി ജനറല്‍ മാനേജര്‍ കെ.എം. രവീന്ദ്രന് എന്നിവർ സംബന്ധിച്ചു.