ജാതിമത ഭേദങ്ങളോ അതിരുകളോ ഇല്ലാത്ത യഥാർഥ പ്രണയത്തിന്റെ മറ്റൊരു മാതൃക കൂടി സമൂഹത്തിന് മുന്നിൽ തെളിയുകയാണ്. റഷ്യയിൽ ജോലിക്ക് പോയ ഒരു സാധാരണ ഗ്രാമീണ യുവാവിനെ പ്രണയിച്ച്, എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് ആ രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് വണ്ടി കയറിയിരിക്കുകയാണ് ഒരു റഷ്യൻ യുവതി.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഈ വരുന്ന നവംബറിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭാഗൽപൂർ ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ രാജാപൂരിൽ നിന്നുള്ള രാഹുൽ യാദവ് റഷ്യയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന സമയത്താണ് ജൂലിയെ പരിചയപ്പെടുന്നത്.
ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഇവർക്കിടയിലെ സൗഹൃദം പിന്നീട് ആഴത്തിലുള്ള പ്രണയമായി മാറുകയായിരുന്നു. എന്നാൽ കരാർ കാലാവധി കഴിഞ്ഞതോടെ രാഹുലിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അങ്ങനെ മാസങ്ങളോളം ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയായിരുന്നെങ്കിലും ഫോൺ കോളുകളിലൂടെ ഇവർ പ്രണയം തുടർന്നു.
ഒടുവിൽ രാഹുലില്ലാത്ത ജീവിതം അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ യുവതി ഇന്ത്യയിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു. നേരെ തന്റെ കാമുകന്റെ ഗ്രാമത്തിലെത്തിച്ചേർന്ന ജൂലി, അവിടെയുള്ള കൊച്ചുകുടിൽ കണ്ട് ഒട്ടും നിരാശപ്പെട്ടില്ല.
റഷ്യയിലെ എല്ലാ സുഖസൗകര്യങ്ങളും മാറ്റിവെച്ച് ലളിതമായ ജീവിതശൈലി സന്തോഷത്തോടെ സ്വീകരിക്കുമെന്ന് തന്നോടൊപ്പം വന്ന ബന്ധുക്കളോട് അവൾ വ്യക്തമാക്കി. ജൂലിയുടെ ഈ ആത്മാർഥത കണ്ട് എതിർപ്പുകൾ പിൻവലിച്ച് കുടുംബാംഗങ്ങളും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.