വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ വീണ്ടും കൂടിക്കാഴ്ചയ്ക്കു സാധ്യത തെളിയുന്നു. ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുമായി ചേർന്നു നടത്താറുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ ദൈർഘ്യം ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.
ഉത്തര കൊറിയൻ ഭരണാധികാരിയുമായി തനിക്കു നല്ല വ്യക്തിബന്ധമാണുള്ളതെന്നും ഈ വർഷം അവസാനത്തോടെ കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം ട്രംപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സംഭാഷണത്തിനായുള്ള തന്റെ അഭ്യർഥനയോടു കിം അനുകൂലമായി പ്രതികരിച്ചതായും ട്രംപ് അവകാശപ്പെട്ടു.
നയതന്ത്ര ചർച്ചകൾക്കു കളമൊരുക്കാനായി ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസത്തിന്റെ ദൈർഘ്യം പത്തു ദിവസത്തിൽനിന്ന് അഞ്ചു ദിവസമായി അമേരിക്ക കുറച്ചിരുന്നു.
അതേസമയം, കൊറിയൻ ഉപദ്വീപിൽ സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള ഈ തീരുമാനത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മൈംഗ് സ്വാഗതം ചെയ്തു.
തന്റെ ആദ്യ ഭരണകാലത്ത് ട്രംപ്, കിം ജോംഗ് ഉന്നുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ആണവായുധങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ ഉത്തര കൊറിയ തയാറായിരുന്നില്ല. നിലവിലെ പുതിയ നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ടുവരുമോ എന്നാണ് ആഗോളസമൂഹം ഉറ്റുനോക്കുന്നത്.
അറിയില്ലെന്ന് കിമ്മിന്റെ സഹോദരി
എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾക്കു മറുപടിയുമായി കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണകൂടത്തിലെ പ്രധാനിയുമായ കിം യോ ജോംഗ് രംഗത്തെത്തി. സഹോദരൻ ട്രംപുമായി സംസാരിച്ചതായി തനിക്ക് അറിവില്ലെന്നാണ് അവർ അറിയിച്ചത്.
എന്നാൽ, തന്റെ സഹോദരന് ട്രംപുമായി വളരെ നല്ല വ്യക്തിബന്ധമുണ്ടെന്നും ട്രംപിനെക്കുറിച്ചു നല്ല ഓർമകളും ചിന്തകളുമാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ട്രംപ് അവകാശപ്പെട്ടതുപോലെ ഇരുനേതാക്കളും തമ്മിൽ അടുത്തിടെ ആശയവിനിമയം നടന്നുവെന്ന കാര്യം സ്ഥിരീകരിക്കാൻ സഹോദരി തയാറായില്ല.
"ഞങ്ങളുടെ പരമോന്നത നേതൃത്വത്തിന്റെ വിദേശനയത്തെക്കുറിച്ച് എനിക്കറിയാത്ത ഒരേയൊരു കാര്യം ഒരുപക്ഷേ ഇതായിരിക്കാം'- ഇരുനേതാക്കളും തമ്മിൽ നടന്നുവെന്നു പറയപ്പെടുന്ന ആശയവിനിമയത്തെക്കുറിച്ച് കിം യോ ജോംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ വിശ്വസ്തയും സർക്കാരിന്റെ പ്രധാന നയപ്രഖ്യാപനങ്ങൾ നടത്തുന്ന വ്യക്തിയുമായ കിം യോ ജോംഗിന്റെ ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.