National
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം.
ബലൂൺ വിൽപ്പനക്കാരനും ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
സ്ഫോടനത്തിന് പിന്നാലെ പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
National
ഇംഫാൽ: ഇംഫാലിൽ ആസാം റൈഫിൾസ് ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ജവൻമാർ കൊലപ്പെട്ടു. ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
അക്രമികൾ പതിയിരുന്ന് ട്രക്കിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.