നെടുമങ്ങാട്: പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്കു വെട്ടേറ്റു. സിപിഐ നേതാവ് വിനോദിനും എതിർഭാഗത്തെ സുനിക്കുമാണു വെട്ടേറ്റത്. ജൂബിലി നഗറിൽ ശനിയാ ഴ്ച രാത്രിയായിരുന്നു സംഭവം. വിനോദിന്റെ ഭാര്യ പിതാവ് വിജയരാജിന്റെ വീടിനടുത്തു പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്.
ഇതിനിടെ സ്ഥലത്തെത്തിയ വിനോദ് വെട്ടുകത്തിയുമായി സമീപത്തെ സുനിയുടെ വീട്ടിലെത്തി സുനിയെ ആക്രമിച്ചു. ഇൗ സമയം സുനിക്കൊപ്പമുണ്ടായിരുന്ന ലാലുവും കൂട്ടരും വിനോദിനെയും വെട്ടിയതായും വട്ടപ്പാറ പൊലീസ് പറഞ്ഞു. വിനോദ് പട്ടത്തെ സ്വകാര്യ ആശുപത്രിയിലും സുനി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. വിനോദിനെ ആക്രമിച്ചെന്ന പരാതിയിൽ കേസെടുത്തു. സുനിയെ ആക്രമിച്ചെന്ന പരാതിയിൽ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.