വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്കു പരിക്കുണ്ട്.
വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിലായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
നാഷനല്‍ ഗാര്‍ഡ് സൈനികരുടെ മരണം പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ മരിച്ച പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.