തളിപ്പറമ്പ്: പോക്സോ കേസിൽ യുവാവിന് 26 വർഷം കഠിനതടവും 60, 000 രൂപ പിഴയും ശിക്ഷ. കൂവേരി തീരുംകുളം സ്വദേശി അനുരാജിനെ (23)യാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് എം.ടി. ജലജറാണി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
2024 സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതിനു തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പരാതിക്കാരിക്കു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ പി. ജോസ് ഹാജരായി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു തിരുവനന്തപുരം പോത്തൻകോട് പൊലിസ് കഴിഞ്ഞ് ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡിലാണ് ഇപ്പോൾ അനുരാജ്.
2022ൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ മറ്റൊരു കേസും പ്രതിക്കെതിരെയുണ്ട്.