ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം നയിക്കുന്ന കോക്രോച്ച് ജന്ത പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് പനി ബാധിച്ചു. ഡൽഹിയിലെ സമരവേദിയിൽ നടത്തിയ രക്തപരിശോധനയിലാണ് അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് ബാധിച്ചെന്നു കണ്ടെത്തിയത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ഇൻട്രാവെനസ് (IV) ഫ്ലൂയിഡുകൾ നൽകുന്നുണ്ടെന്നും സിജെപി അറിയിച്ചു.
അതേസമയം, ആരോഗ്യസ്ഥിതി മോശമാണെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, അഭിജിത്തിനു മാത്രമല്ല സമരവേദിയിൽ തുടരുന്ന പലർക്കും പനി ബാധിച്ചതായി റിപ്പോർട്ടുണ്ട്.
ഡൽഹി ജന്തർ മന്തറിൽ കൊടുംചൂടിൽ ആയിരങ്ങൾ ഒരുമിച്ചു പ്രതിഷേധം തുടരുന്നതിനിടെ നൂറുകണക്കിനു പേർക്കാണ് പനിയും തൊണ്ടവേദനയും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. ജനബാഹുല്യവും തുറസായ സ്ഥലത്തു ദിവസങ്ങളായി തുടരുന്നതുമാണ് പ്രശ്നകാരണമെന്ന് സന്നദ്ധപ്രവർത്തകരായി എത്തിയ ഡോക്ടർമാർ പറഞ്ഞു. അണുബാധ, നിർജലീകരണം ഉൾപ്പെടെ പ്രശ്നങ്ങളും പ്രക്ഷോഭകരെ അലട്ടുകയാണ്.
കടുത്ത പനിയും തൊണ്ടവേദനയും തലവേദനയും മൂലം ഒട്ടേറെപ്പേർ സമീപിച്ചുവെന്ന് ഫൈവ് റിവർ ഹാർട്ട് അസോസിയേഷൻ പ്രവർത്തകയായ പഞ്ചാബിൽനിന്നുള്ള ഡോ. ശിൽപ പറഞ്ഞു. തുറസായ സ്ഥലത്താണ് ഒട്ടേറെയാളുകൾ ഉറങ്ങുന്നത്. ഇത് അണുബാധ ക്ഷണിച്ചുവരുത്തുകയാണ്.
ബുധനാഴ്ച രാത്രിമാത്രം ഇരുനൂറിലധികം ആളുകൾക്കു പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ നൽകി. പ്രമേഹം, രക്തസമ്മർദം എന്നിവയുമായി പ്രായമേറിയവരും എത്തുന്നുണ്ട്. അവശ്യമരുന്നുകൾ കരുതിയിട്ടുണ്ടെന്നും ഡോ. ശില്പ പറഞ്ഞു.