തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്ക്കൊടുവിൽ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും. തുടർന്ന് പട്ടിക ഗവർണർക്ക് കൈമാറും.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു യുവ നേതാവിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന അംഗം ഈ സ്ഥാനത്തേക്ക് വരണമെന്ന ചിന്തയാണ് തിരുവഞ്ചൂരിന്റെ പേരിലേക്ക് എത്തിയത്.കോൺഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് തിരുവഞ്ചൂരുമായി സംസാരിച്ചു.
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എ.പി.അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
പി.സി. വിഷ്ണുനാഥിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സി.പി. ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും ലഭിക്കുക.
കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവർക്ക് 2011 ലെ വകുപ്പുകൾ തന്നെ ലഭിക്കും.