വടക്കാഞ്ചേരി: ഭാരതത്തിന്റെ മതേതരത്വത്തിന്റെ മാതൃക കേരളമാണെന്നും അത് തകരാതിരിക്കണമെങ്കിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്നും ജെഎൻയു സമരനായകൻ കനയ്യകുമാർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി പി.എൻ. വൈശാഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ നൈറ്റ് വാക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയും പിണറായി വിജയനും ഏകാധിപത്യത്തിന്റെ മുഖങ്ങളാണ്. ഇടതുപക്ഷത്തിന്റെ പ്രചാരണ ബോർഡുകളിൽ മാർക്സും, എംഗൽസും, ചെഗുവേരയും അപ്രത്യക്ഷമായി. ഇപ്പോൾ പിണറായിയുടെ മുഖം മാത്രമാണ് ഉള്ളത്. ഇത് ഏകാധിപത്യത്തിലേക്ക് ഇടതുപക്ഷം നീങ്ങിയതിന്റെ ഫലമാണ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമ്പോഴും മോദി മൗനം പാലിക്കുന്നു. കേരളം ഉണർന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കേണ്ടത് ഭാരതത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഭാരതത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾക്ക് നാട്ടിൽ തന്നെ പഠന, തൊഴിൽ സൗകര്യങ്ങൾ ഉണ്ടാകണം. യുഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ വടക്കാഞ്ചേരിയുടെ വി കസന സ്വപ്നങ്ങൾക്ക് നിറം പകരാൻ വൈശാഖിന് കഴിയുമെന്നും കനയ്യകുമാർ പറഞ്ഞു.
അകമലയിൽ നിന്ന് വടക്കാഞ്ചേരി വരെ കനയ്യകുമാർ പി. എൻ. വൈശാഖിനൊപ്പം റോഡ് ഷോ നടത്തി. നൂറുകണക്കിന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നൈറ്റ് വാക്കിൽ പങ്കാളികളായി.
യുഡിഎഫ് നേതാക്കളായ കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, എൻ.ആർ. സതീശൻ, എൻ. എ .സാബു, ഒ. ശ്രീകൃഷ്ണൻ, പി.ജി. ജയദീപ്, അഭിലാഷ് പ്രഭാകർ, അനീഷ് ആന്റണി. ജോമോൻ കൊള്ളന്നൂർ, അഡ്വ.അഖിൽ സാമുവൽ, എസ്.എ.എ. ആസാദ് , ജയൻ മംഗലം, ആദിത്യൻ കാഞ്ഞങ്ങാട്, മുസ്തഫ അള്ളന്നൂർ, ഡോ. ജോയൽ മഞ്ഞില, ഗോകുൽ ഗുരുവായൂർ, ഷെയ്ഖ് അഫ്സാൻ, അഡ്വ. നിഹാൽ റഹ്മാൻ, അഡ്വ. ജെസ്റ്റോ പോൾ, ജോയൽ അബ്രാഹം, അക്ഷയ് െവള്ളറക്കാട്, ശ്രീനേഷ് ശ്രീനിവാസൻ, ഷൈല സാബു, ബുഷ്റ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.