തൃപ്രയാർ: ടോൾ കൊള്ളയ്ക്ക് നേതൃത്വംകൊടുക്കുന്ന കേന്ദ്ര സർക്കാരിനെതിരേ നിയമലംഘന സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ ജോസ് വള്ളൂർ പറഞ്ഞു. ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നടത്തിയ 'ഈ ടോളും കടന്ന്' എന്ന സമരപരിപാടി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് വള്ളൂർ.
നിർമാണംനിലച്ച എടമുട്ടം അടിപ്പാതയിൽനിന്ന് ആരംഭിച്ച പ്രതിഷേധയാത്ര നാട്ടിക ടോൾ പ്ലാസയിലുടെ ടോൾ കൊടുക്കാതെ കടന്ന്, പണിപൂർത്തിയാകാത്ത വാടാനപ്പിള്ളി മേൽപ്പാലത്തിന് സമീപം സമാപിച്ചു.
ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ടെംപോകൾ, ലോറികൾ, ട്രാവലറുകൾ, ചരക്ക് വാഹനങ്ങൾ, ബസുകൾ ഉൾപ്പടെ ഒട്ടേറെ വാഹനങ്ങളും നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
ടി.എം. നാസർ അധ്യക്ഷതവഹിച്ചു. യുഡിഎഫ് നേതാക്കളായ സുനിൽ ലാലൂർ, ശോഭ സുബിൻ, നൗഷാദ് ആറ്റുപറമ്പത്ത്, കെ.എഫ്. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.