ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ പ്രക്ഷോഭകർക്കുനേരേ പാക് സൈന്യം നടത്തിയ വെടിവയ്പിൽ യുകെ പൗരൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ വേരുകളുള്ള, യുകെയിലെ പീറ്റർബറോയിൽ താമസിച്ചിരുന്ന മുഹമ്മദ് അക്തർ (50) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യുകെ പൗരൻ വഖാസ് ആരിഫ് (38) മാസങ്ങളായി ഇവിടെ വിചാരണയില്ലാതെ തടവിൽ കഴിയുകയാണെന്നും അന്താരാഷ്ട്ര മാധ്യമമായ ദ് ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാക് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ മേഖലയിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ ജൂൺ ഒൻപതിനാണ് മുഹമ്മദ് അക്തർ കൊല്ലപ്പെട്ടത്. കോട്ലിയിലെ വീടിനുനേരേ നിൽക്കുകയായിരുന്ന അക്തറിന്, സൈന്യം പ്രക്ഷോഭകർക്കുനേരേ നടത്തിയ വെടിവയ്പിനിടെ വെടിയേൽക്കുകയായിരുന്നു.
അക്തർ പ്രക്ഷോഭത്തിന്റെ ഭാഗമല്ലായിരുന്നെന്നും അപ്രതീക്ഷിതമായി വെടിയേൽക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ബന്ധു മുഹമ്മദ് സാദ് പറഞ്ഞു. സംഭവത്തിൽ യുകെ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.