ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് സിവിൽ സർവീസിൽനിന്ന് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ പ്രഖ്യാപിച്ചു. 2027ലെ തെരഞ്ഞെടുപ്പിൽ 403 മണ്ഡലങ്ങളിലും ജനനീതി ഭാരത് പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം.
ശനിയാഴ്ച മിർസാപ്പൂരിലെ ചുനാറിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ദിവ്യ മിത്തൽ ഇക്കാര്യം അറിയിച്ചത്. ചുനാറിലും പാർട്ടി സ്ഥാനാർഥിയെ നിർത്തുമെന്നും പിന്തുണയ്ക്കണമെന്നും ദിവ്യ മിത്തൽ അഭ്യർഥിച്ചു. പരിപാടിക്കെത്തിയ ദിവ്യ മിത്തൽ ഗുഹ്രാജ് നിഷാദ് പാർക്കിലെ നിഷാദ് രാജിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ജനങ്ങളുമായി സംവദിച്ചത്.
കേവലം രാഷ്ട്രീയം പറയുന്നതിന് പകരം ജനകേന്ദ്രീകൃത ഭരണം കൊണ്ടുവരാനും ജനങ്ങളുടെ ഭരണം സ്ഥാപിക്കാനുമാണ് താൻ പൊതുരംഗത്തേക്ക് ഇറങ്ങിയതെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കി.