മുംബൈ: ഇന്നലെ വെള്ളി വിലയിൽ വൻ കുതിപ്പ്. ആഗോള വിപണിയിലെ മുന്നേറ്റത്തിലും ഉയർന്ന ആവശ്യകതയിലും വെള്ളിയുടെ വില എല്ലാ റിക്കാർഡും ഭേദിച്ച് മുന്നേറുകയാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി ഫ്യൂച്ചേഴ്സ് വില കിലോയ്ക്ക്2,14,534 എന്ന റിക്കാർഡ് നിലവാരത്തിലെത്തി.
അടുത്തകാലത്തെ ഏറ്റവും മികച്ച വാർഷിക പ്രകടനങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് സിൽവർ വില 2.7 ശതമാനം വർധിച്ച് ഔൺസിന് 69.44 ഡോളർ എന്ന റിക്കാർഡ് ഉയരത്തിലെത്തി. ഈ വർഷം ഇതുവരെ വെള്ളിയുടെ വിലയിൽ 138 ശതമാനത്തിന്റെ വമ്പിച്ച വർധനവാണ് രേഖപ്പെടുത്തിരിക്കുന്നത്.
2025 പൂർത്തിയാകാൻ രണ്ടാഴ്ച മാത്രമുള്ളപ്പോൾ വെള്ളിയുടെ ഗതി നിക്ഷേപകരും വ്യാപാരികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഈ വർഷം തീരുംമുന്പേ വെള്ളി കിലോയ്ക്ക് 2,25,000 കടക്കുമെന്ന പ്രതീക്ഷയിലാണിവർ.
യുഎസ് ഫെഡറൽ റിസർവ് അടുത്ത വർഷവും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആഗോള തലത്തിലെ സൂചനകളും വെള്ളിയുടെ വില വീണ്ടും ഉയരുന്നതിന് ആക്കം കൂട്ടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
വെള്ളിയുടെ ലഭ്യത കുറഞ്ഞത്, സോളാർ പാനൽ നിർമാണത്തിന് വെള്ളിയടെ ആവശ്യകത, ഇന്ത്യയിലേക്ക് ഇറക്കുമതിയിലുണ്ടായ വർധന, സിൽവർ ഇടിഎഫുകളിലേക്കു തുടർച്ചയായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് വെള്ളിയുടെ വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.